യുക്രെയ്‌നിൽ ക്രിമിയ ദ്വീപിലെ നോവോഫെഡോറിവ്കയിൽ സ്ഫോടനത്തിന്ശേ ഷമുള്ള സാകി വ്യോമതാവളത്തിന്റെ ഉപഗ്രഹ ചിത്രം. മാക്സർ ടെക്നോളജീസ് 2022 ആഗസ്റ്റ് 10ന് പകർത്തിയ ചിത്രം. യുക്രെയ്ൻ ആക്രമണത്തിൽ ഒമ്പത് റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. 

റഷ്യൻ കൽക്കരി നിരോധിച്ച് ഇ.യു

കിയവ്: റഷ്യയുമായി നിലനിൽപിന് പോരാടുന്ന യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് ഉറപ്പുനൽകി പാശ്ചാത്യ രാജ്യങ്ങൾ. അതേസമയം മോസ്കോക്കെതിരായ ഉപരോധം പ്രതിരോധ കയറ്റുമതിയെ പോലും ബാധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ റഷ്യൻ കൽക്കരി ഇറക്കുമതിക്ക് യൂറോപ്യൻ യൂനിയൻ വ്യാഴാഴ്ച സമ്പൂർണ നിരോധനം ഏർപ്പെടുത്തി. റഷ്യൻ കൽക്കരി കയറ്റുമതിയുടെ 25 ശതമാനത്തെ ബാധിക്കുമെന്നും പ്രതിവർഷം 800 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നും 27രാഷ്ട്ര യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂനിയൻ റഷ്യൻ ഗ്യാസ് ഇറക്കുമതി പൂർണമായി ഒഴിവാക്കാനുള്ള ആലോചനയിലുമാണ്.

ആയുധങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യാഴാഴ്ച വ്യക്തമാക്കി. 710 ദശലക്ഷം യു.എസ് ഡോളറിന്റെ ആയുധകയറ്റുമതിക്ക് ജർമനി അംഗീകാരം നൽകിയിട്ടുണ്ട്. യുക്രെയ്‌ന് കൂടുതൽ സാമ്പത്തിക സഹായവും ജർമനി വാഗ്ദാനം ചെയ്തു. 113 ദശലക്ഷം യു.എസ് ഡോളറിന്റെ പുതിയ സഹായമടക്കം മൊത്തം ധനസഹായം 500 ദശലക്ഷം ഡോളറായി ഉയർത്തുമെന്ന് ഡെന്മാർക്ക് അറിയിച്ചു. യു.എസ് ഇതുവരെ 910 കോടി യു.എസ് ഡോളർ സഹായമായി നൽകിയിട്ടുണ്ട്.റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കാൻ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളും ഗൈഡഡ് മിസൈലുകളും യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. റഷ്യൻ നിയന്ത്രിത ക്രിമിയയിലെ വ്യോമതാവളത്തിൽ ഒമ്പത് റഷ്യൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ബുധനാഴ്ച യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. അതേസമയം റഷ്യ ഇത് നിഷേധിച്ചു.

എന്നാൽ ഉപഗ്രഹ ചിത്രങ്ങൾ ഫോട്ടോകൾ ഏഴ് യുദ്ധവിമാനങ്ങളെങ്കിലും തകർന്നതായും മറ്റുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും വ്യക്തമാക്കി.അതേസമയം യുക്രെയ്നുനേരെ റഷ്യൻ ഷെല്ലാക്രമണം തുടരുകയാണ്. നിക്കോപോൾ നഗരത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 40 ഓളം അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. ഒമ്പത് പേർക്ക് പരിക്കേറ്റതായും ഡിനിപ്രോപെട്രോവ്സ്ക് മേഖല ഗവർണർ വാലന്റൈൻ റെസ്നിചെങ്കോ പറഞ്ഞു.

യുക്രേനിയൻ അതിർത്തിക്കടുത്തുള്ള ടെറ്റ്കിനോ, പോപ്പോവോ-ലെഷാച്ചി - ഗ്രാമങ്ങളിൽ യുക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യയിലെ കുർസ്ക് മേഖലയിലെ ഗവർണർ റോമൻ സ്റ്റാറോവോയിറ്റ് വ്യാഴാഴ്ച പറഞ്ഞു.

Tags:    
News Summary - EU bans Russian coal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.