അധികാരത്തിൽ 20 വർഷം പൂർത്തിയാക്കി ഉർദുഗാൻ; മൂന്നാം അങ്കത്തിൽ വെല്ലുവിളികൾ ഏറെ

അങ്കാറ: മേയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും മത്സരത്തിനിറങ്ങുന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അധികാരത്തിൽ 20 വർഷം പൂർത്തിയാക്കി. പ്രധാനമന്ത്രിയായും അതിനുശേഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ച 69കാരൻ ആദ്യം പരിഷ്കരണവാദിയായാണ് അറിയപ്പെട്ടിരുന്നത്. മുസ്‍ലിം ഭൂരിപക്ഷ രാജ്യത്തിന്‍റെ യൂറോപ്യൻ യൂനിയൻ അംഗത്വ ചർച്ചകൾ ആരംഭിക്കാനായി രാജ്യത്ത് കൂടുതൽ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചു.

എന്നാൽ, ഭരണഘടന ഭേദഗതി വരുത്തി രാജ്യം പ്രസിഡൻഷ്യൽ അധികാരത്തിലേക്ക് മാറ്റുകയും ഭരണത്തിന്‍റെ കടിഞ്ഞാൺ കൈപ്പിടിയിലൊതുക്കുകയും ചെയ്തതോടെ അദ്ദേഹം നിലപാടുകൾ കടുപ്പിച്ചു. വിയോജിപ്പുകളെ അടിച്ചമർത്തുകയും മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ജനാധിപത്യവിരുദ്ധ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതായി വിമർശനം ഉയർന്നു. അതുകൊണ്ടു തന്നെ മേയ് 14ന് നടക്കാനിരിക്കുന്ന പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പിലെ മൂന്നാം അങ്കം ഉർദുഗാന് വെല്ലുവിളി നിറഞ്ഞതായിരിക്കും.

സാമ്പത്തിക പ്രതിസന്ധികൾക്കും ഉയർന്ന പണപ്പെരുപ്പത്തിനും ഇടയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ വിനാശകരമായ ഭൂകമ്പത്തെ നേരിട്ട് മൂന്നു മാസത്തിനു ശേഷമാണ് തെരഞ്ഞെടുപ്പ് എന്നതും തിരിച്ചടിയായേക്കാം. 1994 മാർച്ച് 27ന് ഇസ്‌ലാമിക് വെൽഫെയർ പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ഇസ്തംബൂളിന്റെ മേയറായാണ് ഉർദുഗാൻ അധികാര രാഷ്ട്രീയത്തിലേക്ക് കാലൂന്നുന്നത്. 1997ൽ കവിത വായിച്ചത് വിദ്വേഷം വളർത്തിയെന്ന കുറ്റത്തിന് ഉർദുഗാൻ നാലു മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.

2001ൽ വെൽഫെയർ പാർട്ടി വിട്ട ഉർദുഗാൻ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (എ.കെ.പി) രൂപവത്കരിച്ചു. ഒരു വർഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ എ.കെ.പി പാർലമെന്ററി ഭൂരിപക്ഷം നേടി. എന്നാൽ, ശിക്ഷിക്കപ്പെട്ടതിനാൽ ഉർദുഗാനെ മത്സരിക്കുന്നതിൽനിന്ന് വിലക്കി. രാഷ്ട്രീയ വിലക്ക് നീക്കിയതിനുശേഷം 2003ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉർദുഗാൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Erdogan completes 20 years in power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.