ഗസ്സയിൽ 2026ന്റെ തുടക്കം നിരാശയോടെ; 37 സഹായ സംഘങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ഗസ്സ സിറ്റി: ഐക്യരാഷ്ട്രസഭാ ഏജൻസികൾ ഉൾപ്പെടെയുള്ള ഫലസ്തീൻ സഹായ സംഘടനകൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് 37 അന്താരാഷ്ട്ര എൻ.ജി.ഒകളുടെ ലൈസൻസ് റദ്ദാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം പ്രാബല്യത്തിൽ. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ മെഡിക്കൽ കെയർ ചാരിറ്റിയായ എം.എസ്.എഫ് അടക്കമുളളവക്കാണ് വിലക്ക്.

ഗസ്സയിലെ ജനങ്ങൾ 2026 ആരംഭിച്ചത് പ്രതീക്ഷയോടെയോ ഉറപ്പോടെയോ അല്ല. മറിച്ച് ഒരു മാനുഷിക ദുരന്തത്തിനിടയിൽ കൂടുതൽ ഇസ്രായേലി നിയന്ത്രണങ്ങൾ നേരിടുന്നതിനാൽ നിരാശയോടെയാണെന്ന് അൽ ജസീറ ലേഖകൻ ഗസ്സ സിറ്റിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. സഹായ സംഘടനകളിൽ നിന്ന് ‘ബഹുവിധ ഉപയോഗ’ വസ്തുക്കൾ ഗസ്സയിലേക്കു കൊണ്ടുവരുന്നത് നേരത്തെ നിരോധിച്ചിരിക്കുന്നു. ജനറേറ്ററുകളും ടെന്റുകളും ഉൾപ്പെടെയുള്ള ജീവൻ രക്ഷിക്കുന്ന അടിസ്ഥാന സാധനങ്ങൾ ‘ഇരട്ട ഉപയോഗ’ വസ്തുക്കൾ എന്ന് കാണിച്ച് ഇസ്രായേലിന്റെ നീണ്ട കരിമ്പട്ടികയിലാണ്. ഹമാസോ മറ്റ് സായുധ ഗ്രൂപ്പുകളോ സൈനിക ആവശ്യങ്ങൾക്കായി ഇവയെ ചൂഷണം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ഇനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണമെന്നാണ് ഇസ്രായേൽ സർക്കാർ പറയുന്നത്.

അതിശൈത്യവും കാറ്റും ഇടക്കിടെയുള്ള മഴയും ചളിയും തകർന്നടിഞ്ഞ ഗസ്സയെ കൂടുതൽ തകർക്കുകയാണ്. ഇതിനിടയിൽ ഏതാനും ദിവസങ്ങളിലേക്ക് ജനറേറ്ററുകളും മെറ്റൽ പാലറ്റുകളും ഉൾപ്പെടെ ഏതാനും വസ്തുക്കൾ ഗസ്സയിലേക്ക് കൊണ്ടുപോകാൻ ഇസ്രായേലി അധികൃതർ കച്ചവടക്കാരെ അനുവദിച്ചതായും റിപ്പോർട്ടുണ്ട്.

അതിനിടെ, അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഗസ്സ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റാഫ ക്രോസിങ് വീണ്ടും തുറക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിന്റെ ഫലമായാണ് തീരുമാനം വന്നതെന്ന് ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പുറംലോകവുമായുള്ള ഏക ബന്ധമായിരുന്നു റഫ ക്രോസിങ്. 2024 മെയ് വരെ ഇസ്രായേൽ സൈന്യം ക്രോസിങ്ങിന്റെ ഫലസ്തീൻ വശം കൈവശപ്പെടുത്തി. അതിലെ കെട്ടിടങ്ങൾ നശിപ്പിച്ചു. യാത്ര തടഞ്ഞു. പ്രത്യേകിച്ച് രോഗികൾക്ക് കടുത്ത മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചു. 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇസ്രായേൽ സൈന്യം നേരിട്ട് അതിർത്തി ക്രോസിങ് നിയന്ത്രിച്ചത്. തുടർന്ന് ഫിലാഡൽഫി ഇടനാഴിയിലുടനീളമുള്ള ഒരു സൈനിക ബഫർ സോണിൽ സൈനികരെ വിന്യസിക്കുകയും ചെയ്തു.

Tags:    
News Summary - 2026 begins with disappointment in Gaza; Israel bans 37 aid groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.