ഗസ്സയിലെ അധിനിവേശവും പട്ടിണിയും അവസാനിപ്പിക്കണം; നെതന്യാഹുവിന് തുറന്ന കത്തുമായി നൊബേല്‍ ജേതാക്കള്‍

ഗസ: ഗസ്സയിൽ വ്യാപകമായി പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് 10 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പടെ ഇരുപത്തിമൂന്ന് പ്രമുഖ യു.എസ്-യൂറോപ്യൻ സാമ്പത്തിക വിദഗ്ധർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തുറന്ന കത്തയച്ചു. ഗസ്സ സൈനികമായി കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ പിന്‍വലിക്കണമെന്നും നിയന്ത്രണങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഭക്ഷ്യസഹായം അനുവദിക്കണമെന്നും കത്തില്‍ അവർ ഉന്നയിച്ചു. 

നൊബേല്‍ സമ്മാന ജേതാവും എം.ഐ.ടി സാമ്പത്തിക ശാസ്ത്രജ്ഞനും വൈ നേഷന്‍സ് ഫെയില്‍ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമായ ഡാരണ്‍ അസെമോഗ്ലു വെള്ളിയാഴ്ച ‘എക്സില്‍’ കത്ത് പങ്കുവെച്ചു. ഗസ്സയില്‍ പടരുന്ന പട്ടിണിയെക്കുറിച്ചും സാധാരണക്കാരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതികളെ കുറിച്ചും തങ്ങള്‍ ആശങ്കയിലാണെന്ന് കത്തില്‍ പറയുന്നു. 

മനുഷ്യരെന്ന നിലയിലും സാമ്പത്തിക വിദഗ്ധര്‍ എന്ന നിലയിലും, വ്യാപകമായ പട്ടിണിയെ അധികരിപ്പിക്കുന്ന ഏതൊരു നയവും ഉടനടി നിര്‍ത്തലാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഗസയിലെ 21ലക്ഷം നിവാസികളില്‍ മൂന്നിലൊന പേരും ഭക്ഷണമില്ലാതെ നിരവധി ദിവസങ്ങള്‍ കഴിഞ്ഞുവെന്ന് കാണിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഡാറ്റ ഇവര്‍ ചൂണ്ടികാണിക്കുന്നു. മൂന്നു മാസം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ആ പ്രദേശത്തെ വിപണി വിലകള്‍ പത്തിരട്ടി കൂടുതലാണ്.

മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും ഇസ്രായേലിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്ന ഒരു ഔപചാരിക പ്രഖ്യാപനം ഉടന്‍ പുറപ്പെടുവിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ പിന്തുടരാനും ഇസ്രായേലിനോട് കത്തില്‍ ആവശ്യപ്പെടുന്നു.

അസെമോഗ്ലുവിനൊപ്പം, കത്തില്‍ ഒപ്പിട്ട 23 പേരില്‍ ആംഗസ് ഡീറ്റണ്‍, പീറ്റര്‍ എ. ഡയമണ്ട്, എസ്തര്‍ ഡഫ്‌ലോ, ക്ലോഡിയ ഗോള്‍ഡിന്‍, എറിക് എസ് മാസ്‌കിന്‍, റോജര്‍ ബി. മയേഴ്‌സണ്‍, എഡ്മണ്ട് എസ്.ഫെല്‍പ്‌സ്, ക്രിസ്റ്റഫര്‍ എ.പിസാറൈഡ്‌സ്, ജോസഫ് ഇസ്റ്റിഗ്ലിറ്റ്‌സ് എന്നിവരും ഉള്‍പ്പെടുന്നു.

Tags:    
News Summary - End the occupation and starvation in Gaza; Nobel laureates write an open letter to Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.