ട്വിറ്റർ ഓഹരി വില കുറക്കാൻ ബോധപൂർവം ശ്രമിച്ചു; ഇലോൺ മസ്കിന് 2.1 ബില്യൺ ഡോളർ പിഴ

സാൻ ഫ്രാൻസിസ്കോ: 2022ലെ ട്വിറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സിവിൽ കേസിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ട്വിറ്റർ ഓഹരികളുടെ വില ബോധപൂർവം കുറക്കാൻ ശ്രമിച്ചതിലൂടെ നിക്ഷേപകർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്ന പരാതിയിലാണ് സാൻ ഫ്രാൻസിസ്കോയിലെ ഒമ്പതംഗ ജൂറി വിധി പ്രസ്താവിച്ചത്. നിക്ഷേപകർക്ക് നഷ്ടപരിഹാരമായി ഏകദേശം 2.1 ബില്യൺ ഡോളർ (ഏകദേശം 17,000 കോടിയിലധികം രൂപ) മസ്ക് നൽകേണ്ടി വരും.

2022 മെയ് മാസത്തിൽ ട്വിറ്റർ ഇടപാട് 'താൽക്കാലികമായി നിർത്തിവെച്ചു' എന്നതടക്കമുള്ള മസ്കിന്റെ ട്വീറ്റുകളാണ് കേസിന് ആധാരം. മസ്കിന്റെ പ്രസ്താവനകളെത്തുടർന്ന് ട്വിറ്റർ ഓഹരി വില 40 ശതമാനത്തോളം ഇടിഞ്ഞു. ഇത് വിശ്വസിച്ച് ഓഹരികൾ വിറ്റഴിച്ച നിക്ഷേപകർക്ക് വൻ നഷ്ടം സംഭവിച്ചു.

ട്വീറ്റുകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിൽ മസ്ക് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി. ഓരോ ഓഹരിക്കും പ്രതിദിനം മൂന്ന് മുതൽ എട്ട് ഡോളർ വരെ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. എന്നാൽ, നിക്ഷേപകരെ വഞ്ചിക്കാൻ മസ്ക് മുൻകൂട്ടി പദ്ധതിയിട്ടില്ലെന്നും ഒരു പോഡ്‌കാസ്റ്റിൽ നടത്തിയ പരാമർശം വെറും അഭിപ്രായം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

സമ്പന്നനാണെന്നു കരുതി ആർക്കും നിയമത്തിന് മുകളിൽ പറക്കാനാവില്ല എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് നിക്ഷേപകരുടെ അഭിഭാഷകൻ ജോസഫ് കോച്ചെറ്റ് പ്രതികരിച്ചു.

നിലവിൽ 814 ബില്യൺ ഡോളർ ആസ്തിയുള്ള മസ്കിന് ഈ പിഴ വലിയ ആഘാതമാകില്ലെങ്കിലും, അദ്ദേഹത്തിന്റെ ബിസിനസ്സ് ഇടപാടുകൾക്കും വിശ്വാസ്യതക്കും ഈ വിധി തിരിച്ചടിയാണ്. നേരത്തെ ടെസ്‌ലയുമായി ബന്ധപ്പെട്ട സമാനമായ ഒരു കേസിൽ മസ്കിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിധിയിൽ പ്രതികരിക്കാൻ മസ്കിന്റെ അഭിഭാഷകർ തയാറായില്ല.

Tags:    
News Summary - Elon Musk Misled Investors During 2022 Twitter Purchase, Finds Jury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.