ജോർഡനിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

വാഷിങ്ടൺ/അമ്മാൻ: ജോർഡനിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ ശനിയാഴ്ചയാണ് പുറത്തുവിട്ടത്. നിലവിലെ യു.എസ്-ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ആകെ അമേരിക്കൻ സൈനികരുടെ എണ്ണം ഇതോടെ 16 ആയി ഉയർന്നു. 430-ലധികം സൈനികർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർഡനിലെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നെങ്കിലും പ്രഥമശുശ്രൂഷക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് സൈനികർ ഡ്യൂട്ടിയിൽ തിരിച്ചെത്തിയിട്ടുണ്ട്. മരിച്ച സൈനികരുടെ കുടുംബങ്ങളെ ഔദ്യോഗികമായി വിവരമറിയിച്ചതിന് ശേഷം മാത്രമേ അവരുടെ പേരുവിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്ന് പെന്റഗൺ വ്യക്തമാക്കി.

അതേസമയം, യു.എസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ രംഗത്തെത്തി. ഇറാനെതിരെയുള്ള ആക്രമണം തുടർന്നാൽ യു.എസ് ‘മറക്കാനാവാത്ത പാഠങ്ങൾ’ പഠിക്കേണ്ടിവരുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധത്തിന് തിരികൊളുത്തിയ അമേരിക്ക അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച കരാറുകൾ ‘വിലകെട്ടതും അസാധുവും’ ആണെന്ന് ഖാംനഈ കൂട്ടിച്ചേർത്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഖാംനഈ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

പുതിയ സംഭവവികാസങ്ങളോടെ മേഖലയിൽ നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകൾ പൂർണമായും മങ്ങിയിരിക്കുകയാണ്. ഇറാനിലെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ, ഭൂഗർഭ ആയുധ സംഭരണശാലകൾ എന്നിവ ലക്ഷ്യമിട്ട് യു.എസ് സൈന്യം തുടർച്ചയായ ഏഴാം രാത്രിയും ശക്തമായ ആക്രമണം നടത്തിയിരുന്നു.

ഇതിന് തിരിച്ചടിയായാണ് കുവൈത്ത്, ഇറാഖ്, ബഹ്‌റൈൻ, ജോർഡൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഇറാന്റെ ശനിയാഴ്ചത്തെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കുവൈത്തിലാണ്. ഇവിടെ ഒരു ജലശുദ്ധീകരണ ശാലക്കും എണ്ണ ഉൽപാദന കേന്ദ്രത്തിനും നേരെ ആക്രമണമുണ്ടായി.

Tags:    
News Summary - Iran missile-drone attack in Jordan kills 2 US soldiers, 1 missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.