ഇന്തോനേഷ്യയിൽ ബോട്ടപകടം; അഞ്ചുപേരെ രക്ഷപെടുത്തി, 20 പേർക്കായി തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യൻ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി വൻ അപകടം. അപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപെടുത്താൻ കഴിഞ്ഞെങ്കിലും ഇരുപതോളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രക്ഷപെടുത്തിയവരിൽ ഏഴ് വയസ്സുള്ള ഒരു കൊച്ചുപെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

'കെ.എം നൂറുൽ സൽസ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 78 യാത്രക്കാരും ജീവനക്കാരുമായി പോയ ബോട്ടിന് പെട്ടെന്ന് എഞ്ചിൻ തകരാർ സംഭവിക്കുകയും തുടർന്ന് ദക്ഷിണ സുലവേസി പ്രവിശ്യയിലെ സെലയാർ ദ്വീപുകൾക്ക് സമീപം കടലിൽ മുങ്ങുകയുമായിരുന്നു. ബുധനാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നതെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളിയുടെ മീൻപിടുത്ത വലയിൽ മുറുകെപ്പിടിച്ചു കിടന്നിരുന്ന അഞ്ചുപേരെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ബോട്ടിൽ 74 പേരുണ്ടെന്നായിരുന്നു അധികൃതർ കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്. രക്ഷപെടുത്തിയ അഞ്ച് പേരെയും (ഒരു പുരുഷനും നാല് സ്ത്രീകളും) പിന്നീട് ബെന്റങ് നഗരത്തിലെ തുറമുഖത്ത് എത്തിച്ച് ആവശ്യമായ ആരോഗ്യപരിശോധനകൾക്ക് വിധേയമാക്കി. പതിനായിരത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ ജനങ്ങളുടെ പ്രധാന യാത്രാമാർഗം ഇത്തരം ബോട്ടുകളാണ്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതുമാണ് അവിടെ പലപ്പോഴും ഇത്തരം വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്.

Tags:    
News Summary - boat sinks in Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.