ഗസ്സ വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ ഇസ്രായേലിന്റെ ശ്രമം; മുന്നറിയിപ്പുമായി ഈജിപ്ത്

കൈറോ: ഗസയിൽ വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. ഈജിപ്ത് മുൻകൈയെടുത്ത് നടപ്പിലാക്കിയ വെടിനിർത്തൽ കരാർ ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളും ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഭീഷണികളും മൂലം തകർച്ചയുടെ വക്കിലാണെന്ന് ഈജിപ്ത് മുന്നറിയിപ്പ് നൽകി. സംഘർഷം ലഘൂകരിക്കാനുള്ള അടിയന്തര നയതന്ത്ര ഇടപെടലുകൾ ഈജിപ്ത് ആരംഭിച്ചു.

ഇസ്രായേൽ ഗസ്സയിലെ അധിനിവേശം വ്യാപിപ്പിക്കുന്നത് സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്നും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഈജിപ്ത് സർക്കാർ മുന്നറിയിപ്പ് നൽകി.

ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരമനുസരിച്ച്, സമാധാന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചർച്ചക്കായി കെയ്‌റോയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എല്ലാ കക്ഷികളുമായി തീവ്രമായ നയതന്ത്ര ബന്ധം പുലർത്തുന്നുണ്ടെന്നും, സമ്പൂർണ യുദ്ധം ഒഴിവാക്കാൻ ഈ ആഴ്ച അവസാനത്തോടെ ചർച്ചകൾ ക്രമീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ഈജിപ്ത് വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 141 ഫലസ്തീൻകാർ രക്തസാക്ഷികളായി. ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ മാത്രം ഇതുവരെ 929 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സൈന്യത്തോട് ഗസ്സയിലെ നിയന്ത്രണമേഖല 53 ശതമാനത്തിൽനിന്ന് 70 ശതമാനമായി ഉയർത്താൻ വ്യാഴാഴ്ച നിർദ്ദേശിച്ചിരുന്നു. 2025 ഒക്ടോബറിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ ഒപ്പുവെച്ച യു.എസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ നഗ്നമായ ലംഘനമാണിതെന്ന് മധ്യസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ, ഫലസ്തീൻകാരെ ഗസയിൽനിന്ന് ‘സ്വമേധയാ കുടിയൊഴിപ്പിക്കാനുള്ള’ പദ്ധതി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

Tags:    
News Summary - Egypt Warns Gaza Ceasefire Near Collapse Amid Israeli Offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.