ആംസ്റ്റർഡാം: അഭയാർഥികൾക്ക് രാജ്യത്ത് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നെതർലാൻഡിലെ സർക്കാർ വീണു. അഭയാർഥികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി മാർക്ക് റുട്ടെയുടെ കൺസർവേറ്റീവ് പാർട്ടിയുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ നിലപാടിനെ ഭരണസഖ്യത്തിലുള്ള രണ്ട് പാർട്ടികൾ എതിർത്തതോടെയാണ് ഡച്ച് സർക്കാറിൽ പ്രതിസന്ധിയുണ്ടായത്.
നാല് പാർട്ടികളുടെ സഖ്യമാണ് നെതർലാൻഡിൽ ഭരണം നടത്തുന്നത്. ഇതിൽ രണ്ട് പാർട്ടികളാണ് അഭയാർഥികളെ നിയന്ത്രിക്കുന്ന നിയമത്തെ എതിർത്തത്. കുടിയേറ്റ നയത്തിൽ സഖ്യസർക്കാറിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് എല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ ഈ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ സാധിക്കാതെ വന്നിരിക്കുന്നു. അതുകൊണ്ട് മന്ത്രിസഭ രാജിവെക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നെതർലാൻഡിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും അഭയാർഥി കുട്ടികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവരുടെ രക്ഷിതാക്കൾക്ക് രാജ്യത്തേക്ക് വരാൻ രണ്ട് വർഷം കാത്തിരക്കണമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥക്കും റൂട്ടെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭരണസഖ്യത്തിലെ പാർട്ടികൾ തന്നെ ഇതിനെതിരായി നിലപാടെടുത്തതോടെ സഖ്യസർക്കാർ വീഴുകയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് വരെ റൂട്ടെ കാവൽ പ്രധാനമന്ത്രിയായി തുടരും. ഈ വർഷം നവംബർ വരെ നെതർലാൻഡിൽ പുതിയ സർക്കാറിനെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.