ഇസ്ലാമാബാദ്: രാഷ്ട്രീയംകളിക്കരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ സൈനിക മേധാവിക്ക് തുറന്ന കത്തെഴുതി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഭരണഘടന അനുവദിച്ച അധികാരം ലംഘിക്കരുതെന്നും സൈനിക മേധാവി ജനറൽ അസീം മുനീറിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
വധശിക്ഷ കാത്തുകഴിയുന്ന സെല്ലിൽ വെളിച്ചവും വൈദ്യുതിയുമില്ലാതെ 20 ദിവസങ്ങൾ ഏകാന്ത തടവിലിട്ടത് ഉൾപ്പെടെ ജയിലിൽ നേരിടേണ്ടി വന്ന നിരവധി മോശം പെരുമാറ്റങ്ങൾ ‘എക്സ്’ൽ പോസ്റ്റ് ചെയ്ത കത്തിൽ ഇംറാൻ ചൂണ്ടിക്കാട്ടി. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട സമീപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് അയച്ച കത്ത് കിട്ടിയില്ലെന്ന് സൈന്യം അറിയച്ചതിനു പിന്നാലെയാണ് പുതിയ കത്ത് നൽകിയത്. ആദ്യ കത്ത് കിട്ടിയില്ലെന്ന മറുപടി നിരുത്തരവാദപരമാണെന്ന് വിമർശിച്ച ഇംറാൻ, ജനങ്ങളും സൈന്യവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിലും സൈന്യത്തിന്റെ പ്രതിച്ഛായ മോശമാകുന്നതിലും തനിക്ക് ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
ജനങ്ങളുമായുള്ള സൈന്യത്തിന്റെ ബന്ധം നഷ്ടമാകാൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്നതടക്കം ആറു കാരണങ്ങളും ഇംറാൻ കത്തിൽ എടുത്തുപറഞ്ഞു. ഒരു വർഷത്തിലേറെയായി നിരവധി കേസുകൾ ചുമത്തപ്പെട്ട് അദിയാല ജയിലിൽ കഴിയുകയാണ് ഇംറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.