വാഷിങ്ടൺ: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന നിലപാടിൽ മലക്കംമറിഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്നില്ല, പക്ഷെ സംഘർഷം പരിഹരിക്കുന്നതിൽ സഹായിക്കാൻ തനിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഖത്തറിൽ യു.എസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രംഗത്തുവന്നിരുന്നു. വെടിനിർത്തലിന് ആരാണ് ആവശ്യപ്പെട്ടത് എന്ന് വ്യക്തമാണ്. മേയ് ഏഴിന് പിന്മാറാൻ തയാറാകാതിരുന്ന പാകിസ്താൻ മേയ് പത്തിന് പിന്മാറാനും സംസാരിക്കാനും തയാറായി. ഉപഗ്രഹ ചിത്രങ്ങളിൽനിന്നു നമുക്ക് സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രമാണെന്നും അവർക്ക് സംഭവിച്ചത് എത്ര വലിയ നാശനഷ്ടമാണെന്നും വ്യക്തമായിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
പാകിസ്താൻ അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്താനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിനുശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി പ്രതികരിച്ചു.
വ്യാപാരം ആയുധമാക്കി തന്റെ ഭരണകൂടമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയതെന്ന് ട്രംപ് കഴിഞ്ഞദിവസങ്ങളിൽ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.