കാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ട്രംപ്; പാരീസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറി

വാഷിങ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്‍റായി അധികാരമേറ്റതിനു പിന്നാലെ കാപിറ്റോൾ കലാപകാരികൾക്ക് മാപ്പ് നൽകി ഡോണൾഡ് ട്രംപ്. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.

കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരോ, കുറ്റാരോപിതരോ ആയവര്‍ക്കാണ് ട്രംപ് മാപ്പ് നല്‍കുകയോ ശിക്ഷ ഇളവ് നല്‍കുകയോ ചെയ്തത്. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. തീവ്രവലതുപക്ഷ ഗ്രൂപ്പുകളായ പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് എന്നീ സംഘടനകളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാപ്പ് നല്‍കിയത്.

കലാപത്തില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദേശിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.അവർ ബന്ദികളാണെന്നും കേസിൽ കുറ്റക്കാരായ 1500 പേർക്കും മാപ്പ് നൽകുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് രാത്രി തന്നെ അവർക്ക് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിൽ ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. അമേരിക്കൻ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ടദിനമായാണ് കാപിറ്റോൾ ആക്രമണത്തെ ജനാധിപത്യവിശ്വാസികൾ കാണുന്നത്. അക്രമത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് യു.എസ് നീതിന്യാക വകുപ്പ് കണ്ടെത്തിയിരുന്നു.

എന്നാൽ, അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കേസ് തള്ളിയിരുന്നു. അതേസമയം, രണ്ടാം തവണയാണ് അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിന്മാറുന്നത്. കരാറിൽനിന്ന് പിന്മാറുന്നതായി അറിയിച്ച് ഐക്യരാഷ്ട്ര സഭക്ക് ഔദ്യോഗികമായി നൽകുന്ന കത്തിൽ ട്രംപ് ഒപ്പുവെച്ചു. കാലാവസ്ഥാ വ്യതിയാനവും അതിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങളും നേരിടാൻ, പാരീസിൽ നടന്ന യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിലാണ് ലോക നേതാക്കൾ 2015 ഡിസംബർ 12ന് ചരിത്രപരമായ പാരീസ് ഉടമ്പടിയിലെത്തിയത്.

അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് സത്യപ്രതിജ്ഞക്കുശേഷം ഉദ്ഘാടന പ്രഭാഷണത്തിൽ ട്രംപ് പറഞ്ഞിരുന്നു. സ്വന്തം അതിർത്തി സംരക്ഷിക്കാൻ കഴിയാത്ത ബൈഡൻ ഭരണകൂടത്തിനെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. അമേരിക്കയുടെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. രാജ്യത്തിന്റെ ശോഭനമായ ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എട്ടു വർഷം മുമ്പ് അപ്രതീക്ഷിതമായി അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തി ലോകത്തെ ഞെട്ടിച്ച ട്രംപ് ഇത്തവണ അതിലും വലിയ നാടകീയതകൾക്കൊടുവിലാണ് പൂർവാധികം കരുത്തോടെ രാജ്യത്തിന്റെ അമരക്കാരനായത്. കഴിഞ്ഞവർഷം നവംബർ അഞ്ചിന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് രണ്ടാമൂഴത്തിലേക്ക് ചുവടുവെച്ചത്. ട്രംപ് ഭരണകൂടത്തിന്റെ വരുംനാളുകളിലെ നടപടികൾ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Tags:    
News Summary - Donald Trump pardons 1500 supporters charged in Jan 6 Capitol attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.