മുഹ്സിൻ റസാ
തെഹ്‌റാൻ: യു.എസ് നാവിക ഉപരോധവും ചർച്ചകളിലെ അമിത ആവശ്യങ്ങളും ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മൂന്നാം തവണയും നയതന്ത്രത്തെ വഞ്ചിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേശകൻ. ഇറാനുമായി സാധ്യമായ സമാധാനക്കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിലെ 'സിറ്റുവേഷൻ റൂമിൽ' യോഗം വിളിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മുഹ്സിൻ റസായുടെ പ്രതികരണം.
ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന കരാർ, ഹുർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുനൽകൽ, കടലിലെ മൈനുകൾ പൂർണമായും നീക്കം ചെയ്യൽ എന്നിവയടക്കമുള്ള ഉപാധികളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ഹുർമുസ് കടലിടുക്കിലൂടെ ഇരുദിശകളിലേക്കുമുള്ള കപ്പൽ ഗതാഗതം യാതൊരുവിധ നികുതിയും കൂടാതെ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അവശേഷിക്കുന്ന നാവിക മൈനുകൾ ഇറാൻ തന്നെ നിർവീര്യമാക്കണമെന്നും ആണ് ട്രംപിന്റെ ആവശ്യം.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താത്തതിനെ തുടർന്ന് ഹുർമുസ് കടലിടുക്ക് ഇപ്പോഴും ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ഈ മേഖലയിലെ നാവിക ഉപരോധം അന്താരാഷ്ട്ര ഊർജമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സുരക്ഷ ഭീഷണിയെത്തുടർന്ന് നിലവിൽ ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയാണ് യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.