കാരക്കാസ്: നിക്കോളാസ് മദൂറോയെ ലക്ഷ്യമിട്ട് നടത്തിയ സൈനിക ഓപറേഷനിൽ പങ്കെടുത്ത വെനിസ്വേലൻ സൈനികർക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ശാരീരിക അസ്വസ്ഥതകൾ. ജനുവരി 3ന് മദൂറോയെ പിടികൂടിയ സമയത്ത് യു.എസ് ഡെൽറ്റ ഫോഴ്‌സ്, മാരകവും അദൃശ്യവുമായ സോണിക് ആയുധം പ്രയോഗിച്ചതായും ഇതിൽ നിന്നുള്ള ‘തീവ്രമായ ശബ്ദ തരംഗം’ നൂറുകണക്കിന് സൈനികരുടെ മൂക്കിൽ നിന്നുള്ള രക്തസ്രാവത്തിനും രക്തം ഛർദിക്കാനും പക്ഷാഘാതത്തിനും ഇടയാക്കിയെന്നും അതിജീവിച്ച വെനിസ്വേലൻ സുരക്ഷാ ഗാർഡിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ.
പേരു വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥൻ, റഡാറുകളെ തടസ്സപ്പെടുത്തുന്ന ഡ്രോണുകൾ യു.എസ് സൈന്യം ഉപയോഗിച്ചതായും പറഞ്ഞു. ‘നൂറുകണക്കിന് സൈനികരെ നഷ്ടങ്ങളില്ലാതെ അവർ കീഴടക്കി. തലക്കുള്ളിൽ ബോംബ് പൊട്ടിത്തെറിക്കുന്നത് പോലെ തോന്നിപ്പിച്ച ഒരു ‘തീവ്രമായ ശബ്ദതരംഗം’ ഉണ്ടായി. മൂക്കിൽ നിന്ന് രക്തസ്രാവവും ഛർദിയും ഉണ്ടായി.
ഓപറേഷൻ ദിവസം ഞങ്ങൾ കാവൽ നിന്നിരുന്നു. ഞങ്ങളൊരു ശബ്ദവും കേട്ടില്ല. പക്ഷേ, പെട്ടെന്ന് ഞങ്ങളുടെ എല്ലാ റഡാർ സംവിധാനങ്ങളും ഒരു മുന്നറിയിപ്പുമില്ലാതെ നിലച്ചു. തുടർന്ന് കണ്ടത് ധാരാളം ഡ്രോണുകൾ തലക്കു മുകളിലൂടെ പറക്കുന്നതാണ്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഒരു ഘട്ടത്തിൽ, അവർ എന്തോ ഒന്ന് വിക്ഷേപിച്ചു. അതെങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. വളരെ തീവ്രമായ ശബ്ദതരംഗം പോലെയായിരുന്നു അത് -വെനിസ്വേലൻ ഗാർഡ് സംഭവങ്ങൾ വിവരിച്ചു.
‘തീവ്ര ശബ്ദത്തിനു പിന്നാലെ തലക്കുള്ളിൽ ഉണ്ടായ സ്ഫോടനത്തെ ആർക്കും പ്രതിരോധിക്കാനായില്ല. ഞങ്ങൾ അനങ്ങാൻ കഴിയാതെ നിലത്തു വീണു. കൂടെയുള്ള സൈനികർ രക്തം ഛർദ്ദിക്കുകയും അവരുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഇത്രയും വിഭ്രാന്തിയുണ്ടാക്കുന്ന അവസ്ഥ താൻ ഒരിക്കലും നേരിട്ടിട്ടില്ലെന്നും’ അദ്ദേഹം ആണയിട്ടു.
ഇൻഫ്രാ റെഡ് തരംഗങ്ങളാണ് ഇവിടെ ഉപയോഗിച്ചതെന്ന് വിദഗ്ധർ സംശയിക്കുന്നു. ലക്ഷണങ്ങൾ ലോംഗ് റേഞ്ച് അക്കോസ്റ്റിക് ഉപകരണങ്ങൾ (LRADകൾ) പോലുള്ള ഉയർന്ന ഡെസിബെലിലുള്ള ശബ്ദ തരംഗ ഉപകരണങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് അവർ പറയുന്നത്. 70 ഡെസിബൽ ആണ് ഒരു മനുഷ്യന് സാധാരണയായി പ്രയാസങ്ങളില്ലാതെ കേൾക്കാനാവുന്ന ശബ്ദം. എന്നാൽ, ഈ ഉപകരണങ്ങൾ 150 ഡെസിബെല്ലിലേറെ എത്തുന്ന അദൃശ്യ രശ്മികൾ പുറപ്പെടുവിക്കും. ഇത്രയും ആവൃത്തിയുള്ള ശബ്ദങ്ങൾ മനുഷ്യന് കേൾക്കാനോ താങ്ങാനോ കഴയില്ല. എന്നാൽ, ഇവക്ക് ചുവരുകൾ തുളച്ചു കയറാനും ആന്തരികാവയവങ്ങളെ പ്രകമ്പനം കൊള്ളിക്കാനും കഴിയം. ഇത് ആന്തരിക രക്ത സ്രാവത്തിനും അവയവങ്ങളുടെ തകരാറുകൾക്കും കാരണമാവും.
സൈനിക നടപടിയിൽ 100 സുരക്ഷാ ഗാർഡുകൾ കൊല്ലപ്പെട്ടതായി വെനിസ്വേലൻ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ഗാർഡിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പെന്റഗണിൽ നിന്നോ യു.എസ് അധികൃതരിൽനിന്നോ ഉള്ള പ്രതികരണങ്ങൾ ഇതുവരെ വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.