തുല്യതയില്ലാത്ത അതിക്രമങ്ങൾ ഏറ്റുവാങ്ങുന്ന ഗസ്സക്കായി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ രണ്ട് ആഗോള ഐക്കണുകളായ മാർട്ടിൻ ലൂഥർ കിങ്ങിന്റെയും മഹാത്മാഗാന്ധിയുടെയും കൊച്ചുമക്കൾ. മാർട്ടിൻ ലൂഥർ കിങ് മൂന്നാമനും രാജ്മോഹൻ ഗാന്ധിയും ആണ് അനീതി അവസാനിപ്പിക്കാൻ ലേക നേതാക്കളും ആഗോള പൗര സമൂഹവും ഉടൻ ഇടപെടണമെന്നഭ്യർഥിച്ച് രംഗത്തുവന്നത്.
അറിയപ്പെടുന്ന അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനാണ് മാർട്ടിൻ ലൂഥർ കിങ് മൂന്നാമൻ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും കൊറേറ്റ സ്കോട്ട് കിങ്ങിന്റെയും മൂത്ത മകനാണ് അദ്ദേഹം. രാജ്മോഹൻ ഗാന്ധി ഒരു ചരിത്രകാരനാണ്. അദ്ദേഹത്തിന്റെ പിതൃപിതാവാണ് മഹാത്മാഗാന്ധി. ഈ മാസം ഏഴിനു പുറത്തിറക്കിയ പ്രസ്താവനയിൽ ഗസ്സയിൽ സമാധാനം സ്ഥാപിക്കാൻ ഇരുവരും ആഹ്വാനം ചെയ്യുന്നു.
മാർട്ടിൻ ലൂഥർ കിങ് മൂന്നാമനും രാജ്മോഹൻ ഗാന്ധിയും ഗസ്സക്കുവേണ്ടി നടത്തിയ മാനുഷിക ആഹ്വാനമിങ്ങനെയാണ്:
ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും മഹാത്മാഗാന്ധിയുടെയും പിൻഗാമികൾ എന്ന നിലയിൽ മാത്രമല്ല, ഗസ്സയിൽ അധികരിക്കുന്ന മാനുഷിക ദുരന്തത്തിൽ പരിക്കേറ്റ ഒരു മനുഷ്യകുടുംബത്തിലെ അംഗങ്ങളായാണ് ഇന്ന് ഞങ്ങൾ സംസാരിക്കുന്നത്. അക്രമത്തിന്റെയുംകുടിയിറക്കത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദാരുണമായ കൊടുങ്കാറ്റിൽ അകപ്പെട്ട നിരപരാധികളായ സാധാരണക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ നിലവിളികൾ ഞങ്ങളുടെ ഹൃദയങ്ങളുടെ ഭാരമേറ്റുന്നു. ഒപ്പം, പ്രിയപ്പെട്ടവർ തടവിൽ കഴിയുന്ന ഇസ്രായേലി കുടുംബങ്ങളുടെ ആഴമേറിയ വേദനയും ഞങ്ങൾ തിരിച്ചറിയുന്നു. അവരുടെയെല്ലാം വേദന നമ്മുടേതു കൂടിയാണ്.
ആ വേദനയിൽ മഹാത്മാഗാന്ധിയുടെ വാക്കുകൾ നമ്മൾ മറക്കരുത്: ‘അക്രമത്തെ ഞാൻ എതിർക്കുന്നു. കാരണം അത് നന്മ ചെയ്യുന്നതായി തോന്നിക്കുന്നുവെങ്കിൽ, ആ നന്മ താൽക്കാലികം മാത്രമാണ്. അത് ചെയ്യുന്ന തിന്മ ശാശ്വതവുമാണ് തുടർച്ചയായ അക്രമം നീതി കൊണ്ടുവരുന്നില്ല. അത് കഷ്ടപ്പാടുകൾ വർധിപ്പിക്കുന്നു’ -ഈ സത്യം പ്രതിധ്വനിപ്പിക്കുകയും രക്തച്ചൊരിച്ചിൽ ഉടനടി അവസാനിപ്പിക്കാൻ തിടുക്കത്തോടും സ്നേഹത്തോടും കൂടി ഞങ്ങൾ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിക്കണം. മനുഷ്യത്വപരമായ സഹായം -ഭക്ഷണം, വെള്ളം, മരുന്ന്- തടസ്സമോ കാലതാമസമോ ഇല്ലാതെ ഗസ്സയിലെ ജനങ്ങളിലേക്ക് എത്തിച്ചേരണം.
ലോകത്തോട് ഞങ്ങൾ പറയുകയാണ്: ഗസ്സയിലെ കുട്ടികൾ നമ്മുടെ കുട്ടികളാണ്. ഭയത്തിലും നിശബ്ദതയിലും തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളും നമ്മുടെ കുടുംബമാണ്. ഒരു കുട്ടിയും പട്ടിണി അറിയരുത്. ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ഒരു കുട്ടിക്കായി ഒരു മാതാപിതാക്കളും വേദനയോടെ കാത്തിരിക്കരുത്. ഈ പേടിസ്വപ്നം ഉടൻ അവസാനിക്കണം.
ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നമ്മെ ഓർമിപ്പിച്ചതുപോലെ, ‘എവിടെയും എല്ലായിടത്തും അനീതി നീതിക്ക് ഭീഷണിയാണ്’. തകർന്ന ശരീരങ്ങളുടെയും തകർന്ന വിശ്വാസത്തിന്റെയും അവശിഷ്ടങ്ങൾക്കു മുകളിൽ മധ്യ-പൂർവദേശത്ത് സമാധാനം കെട്ടിപ്പടുക്കാൻ കഴിയില്ല. ഇസ്രായേലികളും ഫലസ്തീനികളും ഒരുപോലെ അയൽക്കാരെപ്പോലെ തുല്യ അന്തസ്സോടെ ജീവിക്കുന്ന, ഓരോ മനുഷ്യന്റെയും അന്തസ്സിൽ നിന്നാണ് അത് ഉയർന്നുവരേണ്ടത്.
ലോക നേതാക്കളോടും പ്രാദേശിക പ്രവർത്തകരോടും ഞങ്ങൾ അഭ്യർഥിക്കുന്നു: ഇപ്പോൾ പ്രവർത്തിക്കുക. പ്രതികാരത്തോടെയല്ല മറിച്ച് കാഴ്ചപ്പാടോടെ. നീതിയിലും കാരുണ്യത്തിലും വേരൂന്നിയ ധീരമായ നയതന്ത്രത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം കണ്ണടക്കരുത്. അനുരഞ്ജനത്തിലേക്കുള്ള പാത നീണ്ടതായിരിക്കും. പക്ഷേ, അത് ആരംഭിക്കുന്നത് കരുണയുടെയും ധാർമികയുടെയും ആദ്യ ചുവടുകളിൽ നിന്നാണ്. ഭിന്നത, വിദ്വേഷം, നിരാശ എന്നിവക്കു മുകളിൽ നമുക്ക് ഉദിച്ചുയരാം. ഉറച്ച ഹൃദയങ്ങളോടും തുറന്ന കൈകളോടും കൂടി നീതിയുക്തമായ സമാധാനം ആവശ്യമാണെന്ന് മാത്രമല്ല സാധ്യമാണെന്നും സ്ഥിരീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.