ലണ്ടൻ: ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന യു.കെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ. ബുധനാഴ്ച 1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്.
അതേസമയം, ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചിരിക്കുകയാണ്.
ജറൂസലം: ഒമിക്രോൺ പ്രതിരോധിക്കാൻ കോവിഡ് 19 വാക്സിെൻറ നാലാം ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തു. ഒമിക്രോൺ ബാധിച്ച് ഒരു രോഗി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടിയുമായി ഇസ്രായേൽ മുന്നോട്ടുവരുന്നത്.
നേരത്തെ ബ്രിട്ടനിലും യു.എസിലും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്. ആദ്യമായി വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രായേൽ. ഇതിന് പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാലാം ഡോസ് വാക്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പദ്ധതിയെ സ്വാഗതം ചെയ്തു. രാജ്യത്ത് 340 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.