ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിൽ ബാധിച്ചത് 2,75,000 കുട്ടികളെയെന്ന് യുനിസെഫ്. ഏഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായി പെയ്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് മനുഷ്യരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. എന്നാൽ മരണക്കണക്കുകളും മറ്റു രീതിയിൽ ബാധിക്കപ്പെട്ടതുമായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് ലോക കലാവസ്ഥാ സംഘടന (ഡബ്ല്യൂ.എം.ഒ) വിലയിരുത്തുന്നു.
വൻ ചുഴലിക്കാറ്റും മഴയും അതിരൂക്ഷമായ വെള്ളപ്പൊക്കവുമാണ് ദിത്വയുടെ ഭാഗമായി ഉണ്ടായതെന്ന് ഡബ്ല്യൂ.എം.ഒ വിലയിരുത്തി. നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കപ്പെട്ടതിനൊപ്പം അനേകം സമൂഹങ്ങളെ മണ്ണിൽ നിന്ന് നിഷ്‍കാസിതരാക്കുകയും ഏതാനും രാജ്യങ്ങളിൽ ഭീകരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.
ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിച്ച രാജ്യങ്ങൾ ഇന്റൊനേഷ്യ, ഫലിപ്പീൻസ്, ശ്രീലങ്ക, തായ്ലന്റ്, വിയറ്റ്നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ മേഖലകളിൽ ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.
ഇന്റൊനേഷ്യയിൽ 600 പേർ മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതർ. വിയറ്റ്നാമിൽ മഴ ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളിൽ 1000 മില്ലിമീറ്റർ മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 1739.6 മില്ലിലിറ്റർ മഴയാണ് 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ഇത് ഏഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേർ മരിച്ചു.
അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന ഫിലിപ്പീൻസിൽ ദിത്വ വൻ നാശമാണ് വിതച്ചത്. ശ്രീലങ്കയിൽ 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.