ദമ്പതികൾക്ക് ‘കൂട്ടായി’ കൂറ്റൻ പെരുമ്പാമ്പ് വീട്ടിൽ; ഇഴയാനാകാതെ തറയിൽ കിടന്നതോടെ പാമ്പുപിടിത്തക്കാർ എത്തി പിടികൂടി

പാമ്പുകൾ വീടുകളുടെ ഉള്ളിൽ കയറുന്ന വാർത്തകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ഇത്തവണ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ ദമ്പതികളുടെ വീട്ടിലാണ് പാമ്പ് കയറിയത്. വീടിന്‍റെ ഹാളിനോട് ചേർന്നുള്ള ഇടനാഴിയില്‍ നിന്ന് 8 അടി വലിപ്പമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. തങ്ങൾക്ക് ‘കൂട്ടായി’ എത്തിയ പെരുമ്പാമ്പിനെ ഉപദ്രവിക്കാതെ പാമ്പുപിടിത്തക്കാരെ വിളിച്ചുവരുത്തി അപകടം ഒഴിവാക്കുകയായിരുന്നു ദമ്പതികൾ.

ഭീമാകാരനായ പാമ്പിനെ കണ്ട് ഭയന്നുപോയ ദമ്പതികൾ ഉടൻ തന്നെ ഔദ്യോഗിക പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു. തങ്ങൾ കണ്ട സമയം മുതൽ പാമ്പ് പിടുത്തക്കാർ വീട്ടിലെത്തും വരെ പെരുമ്പാമ്പ് കിടന്നിരുന്ന സ്ഥലത്ത് നിന്ന് ഒരല്പം പോലും നീങ്ങിയില്ലെന്നാണ് വീട്ടുകാർ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. പാമ്പുപിടുത്തക്കാർ എത്തുന്നതിന് മുൻപായി അത് തങ്ങളെ ആക്രമിക്കുമോയെന്ന് ഭയപ്പെട്ടിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള പ്രകോപനവും പാമ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അത് വളരെ ശാന്തനായി കാണപ്പെട്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു. മിനുസമാർന്ന തറയിൽ ഇഴഞ്ഞുനീങ്ങുക പ്രയാസമുള്ളതിനാലാണ് പാമ്പ് ശാന്തനായി കിടന്നതെന്നാണ് നിഗമനം.

ടൗൺസ്‌വില്ലെയിലെ ജെറമീസ് റെപ്‌റ്റൈൽ റീലോക്കേഷൻസിലെ ജെറമി ഡി ഹാൻ എന്ന പാമ്പുപിടിത്തക്കാരനാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന്‍റെ ചിത്രം ജെറമി ഡി ഹാൻ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചു, എട്ടടി വലിപ്പം ഉണ്ടായിരുന്നെങ്കിലും പാമ്പ് തീർത്തും ശാന്തനായിരുന്നുവെന്ന് ജെറമിയും കുറിച്ചു. കാർപ്പറ്റ് പൈത്തോൺസ് എന്ന ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. 8 മുതൽ 13 അടി വരെ നീളം വയ്ക്കുന്ന പാമ്പുകളാണ് കാർപ്പറ്റ് പൈത്തോൺസ്. ഈ ഇനം പമ്പുകള്‍‌ വിഷരഹിതമാണ്. എന്നാൽ, താൻ ആക്രമിക്കപ്പെടുമെന്ന് ഭയം ഉണ്ടായാൽ ആ സങ്കോചത്താൽ ഇവ ഇരയെ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടത്തും.

വീടിന്‍റെ അടുക്കള ഭാഗത്ത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന മേൽക്കൂരയുടെ ഭാഗത്തുകൂടിയാകാം പാമ്പ് അകത്ത് കടന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഈ ഇനത്തിൽപ്പെട്ട പാമ്പുകൾ പൊതുവിൽ ശാന്തസ്വഭാവക്കാരാണെന്നും വളരെ അപൂർവമായി മാത്രമേ ഇവ മനുഷ്യർക്ക് ഭീഷണിയാകാറുള്ളുവെന്നും ജെറമി കുറിച്ചു.

Tags:    
News Summary - Couple In Australia Find Giant 8-Foot Python Inside Their Home, Internet Says "It's Her House Now"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.