എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുന്ന ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: വെനിസ്വേലയിലെ അമേരിക്കൻ ആക്രമണത്തിനു പിന്നാലെ ഇന്ത്യക്ക് ഇറക്കുമതി തീരുവ ഭീഷണിയുമായി രംഗത്തുവന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ്. കഴിഞ്ഞ ദിവസം എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് വെനിസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വിശദീകരിക്കുമ്പോൾ ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പുതിയ ഭീഷണിയ ഉയർത്തിയത്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ തയ്യാറായില്ലെങ്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള തീരുവ ഇനിയും കൂട്ടുമെന്നായിരുന്നു ട്രംപിന്റെ വെടി.
വെനിസ്വേലൻ പ്രസിഡന്റ് നികോളസ് മദുറോയെ പിടികൂടി തടങ്കലിലാക്കിയതും ലാറ്റിനമേരിക്കൻ രാജ്യത്തെ തുടർ നടപടികളും വിശദീകരിക്കുന്നതിനിടെ അമേരിക്കൻ കമാൻഡർ ഇൻ ചീഫ് ആയിരുന്നു യു.എൽ ഇടപെടലിന്റെ ഫലമായി റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചകാര്യം പറഞ്ഞത്. ഇതിനിടയിൽ ഇടപെട്ടുകൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി സ്വരത്തിൽ കൂടുതൽ വിശദീകരിച്ചത്.
തന്നെ സന്തോഷിപ്പിക്കൽ അനിവാര്യമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് സംസാരിച്ചത്.
‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അറിയാം. ഇനിയും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയാൽ തീരുവ ഉടൻ വർധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും’ -ട്രംപ് പറഞ്ഞു.
ഇന്ത്യക്കു മേൽ ഭീഷണിമുഴക്കുന്ന ട്രംപിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രി മോദിയുടെ വൈറ്റ് ഹൗസിലെ ഉറ്റ കൂട്ടുകാരൻ ഒരേസമയം പലരീതിയിൽ പെരുമാറ്റം തുടരുന്നുവെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ജയ്റാം രമേശിന്റെ പ്രതികരണം.
‘ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ തീരുവ ഇനിയും വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നു. നമസ്തേ ട്രംപ്, ഹൗഡി മോഡി പരിപാടികൾ, ഗാഢമായ ആലിംഗനങ്ങൾ, ട്രംപിനെ പ്രശംസിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകൾ എന്നിവയെല്ലാം കുറച്ച് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് മനസ്സിലാവുന്നു’ -ജയ്റാം രമേശ് കുറിച്ചു.
കുറഞ്ഞ വിലക്ക് എവിടെ നിന്ന് എണ്ണ ലഭിക്കുന്നുവോ അവിടെ നിന്നും ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യാനുള്ള സ്വയംഭരണാവകാശം രാജ്യത്തിനുണ്ട്. പ്രധാനമന്ത്രി മോദിയുടെ ദൗർബല്ല്യം ചൂഷണം ചെയ്യുകയാണ് അമേരിക്കൻ പ്രസിഡന്റ് -കോൺഗ്രസ് എം.പി പ്രമോദ് തിവാരി വിമർശിച്ചു.
മോദിക്കെതിരെ നിശിത വിമർശനവുമായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനതെയും രംഗത്തെത്തി. ട്രംപിന്റെത് ഇന്ത്യയോടുള്ള അപമാനവും പരിഹാസവുമാണെന്ന് ‘എക്സ്’ പേജിലെ പോസ്റ്റിൽ അവർ പറഞ്ഞു.
‘നല്ല തമാശകളുമായി പ്രസിഡന്റിനെ സന്തോഷത്തിൽ നിർത്താൻ ഇന്ത്യൻ അംബാസഡർ തന്നോട് അപേക്ഷിക്കുന്നുവെന്നാണ് ട്രംപിനൊപ്പം നിൽക്കുന്ന സെനറ്റർ അവകാശപ്പെടുന്നത്. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ, മോദി റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതായി ട്രംപ് അവകാശപ്പെടുന്നു. ഇത്തരം ധിക്കാരികൾ രാജ്യത്തെ പരിഹസിക്കുകയാണ്. പക്ഷേ, പ്രധാനമന്ത്രിക്ക് ഇതിൽ മറുവാക്കും അനക്കവുമില്ല. മോദി ഒരു ദുരന്തമായിരിക്കുന്നു. ഭീഷണിപ്പെടുത്തുന്നവരെ തടയാൻ കഴിയാത്ത ദുർബലനും ഭീരുവുമായ മനുഷ്യനായി പ്രധാനമന്ത്രി മാറി’ -സുപ്രിയ ശ്രിനതെ പറഞ്ഞു.
റഷ്യൻ എണ്ണ പ്രശ്നത്തിൽ സഹായിച്ചില്ലെങ്കിൽ ഇന്ത്യക്കുമേലുള്ള തീരുവ ഉയർത്തുമെന്ന് ട്രംപ് നേരത്തെയും ഭീഷണി മുഴക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ഉറപ്പ് മോദി തനിക്ക് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, അത്തരത്തിൽ യാതൊരു ഉറപ്പും ട്രംപിന് നൽകിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയത്. സെപ്റ്റംബർ ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണിത്. ഇതോടെയാണ്, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.