ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും

സമാധാന നീക്കങ്ങളിൽ വിട്ടുവീഴ്ചയില്ല; സുരക്ഷ ഉറപ്പാക്കാൻ പാകിസ്താൻ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നിർണായക നീക്കങ്ങളുമായി പാകിസ്താൻ. അമേരിക്കയും ഇറാനും തമ്മിലുള്ള അടുത്ത ഘട്ടം സമാധാന ചർച്ചകൾക്കായി പാകിസ്താൻ ഒരുക്കം തുടങ്ങിയതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചു. ഞായറാഴ്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടത്തിയ 45 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിലാണ് പ്രാദേശിക സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തത്.

ഏപ്രിൽ 11, 12 തിയതികളിൽ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടന്നിരുന്നു. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചർച്ചകൾക്കായി പാകിസ്താനിലെത്തിയത്. ഈ ചർച്ചകൾ കരാറില്ലാതെയാണ് അവസാനിച്ചതെങ്കിലും, മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള പ്രധാന ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നു.

അടുത്ത റൗണ്ട് ചർച്ചകൾ തിങ്കളാഴ്ച ഇസ്ലാമാബാദിൽ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ച അവസാനിക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലെത്തുന്നത്. എന്നാൽ ഈ രണ്ടാം ഘട്ട ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.

ഈയാഴ്ച ഇറാൻ സന്ദർശിച്ച പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന് നൽകിയ സ്വീകരണത്തിന് ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി താൻ നടത്തിയ ചർച്ചകളെക്കുറിച്ച് ഷരീഫ് ഇറാൻ പ്രസിഡന്റിനെ ധരിപ്പിച്ചു. മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനായുള്ള ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പാകിസ്താൻ പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയെയും ഇറാനെയും ചർച്ചാ മേശയിലെത്തിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെയുള്ള യു.എസ് വിമാനവാഹിനിക്കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ സമാധാന ചർച്ചകൾ അതിനിർണായകമാണ്.

Tags:    
News Summary - Committed to advancing regional peace and security: Pakistan PM to Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.