സായുധ സംഘങ്ങൾക്കെതിരായ വ്യോമാക്രമണം നിർത്തുന്നതായി കൊളംബിയ

ബാഗോട്ട: സായുധ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം താൽക്കാലം നിർത്തിവെക്കുന്നതായി കൊളംബിയയിലെ പുതിയ ഇടതുസർക്കാർ. സംഘടനകളിലേക്ക് നിർബന്ധിതമായി റിക്രൂട്ട് ചെയ്യപ്പെട്ട സാധാരണക്കാരെയും കുട്ടികളെയും രക്ഷിക്കാനാണ് നടപടി. സായുധ സംഘങ്ങളുമായി ചർച്ചകൾക്കുള്ള സർക്കാറിന്റെ സന്നദ്ധതയാണ് നടപടി വെളിപ്പെടുത്തുന്നതെന്ന് പ്രതിരോധമന്ത്രി ഇവാൻ വെലാസ്‌ക്വസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊളംബിയയിൽ വിമത ക്യാമ്പുകളിൽ ബോംബാക്രമണം വിവാദവിഷയമാണ്. ആറ് പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര സംഘർഷത്തിൽ 4.50 ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 2019 ൽ റവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയിലെ വിമതർക്കെതിരായ സൈനിക ആക്രമണത്തിൽ 12 മുതൽ 17 വരെ പ്രായമുള്ള എട്ട് കുട്ടികൾ കൊല്ലപ്പെട്ടതിനെതുടർന്ന് അന്നത്തെ പ്രതിരോധ മന്ത്രി ഗില്ലെർമോ ബോട്ടെറോ രാജിവച്ചു. രണ്ട് വർഷത്തിന് ശേഷം, നാഷണൽ ലിബറേഷൻ ആർമിയുടെ നേതാവിനെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ജൂണിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുൻ വിമത പോരാളിയായ പ്രസിഡന്റ് ഗുസ്താവോ പെട്രോ സംഘർഷം അവസാനിപ്പിക്കാൻ വിമതരുമായി ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തങ്ങൾക്ക് സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെ അംഗബലം വർധിപ്പിക്കാൻ വിമത സംഘങ്ങൾ ഏറെക്കാലമായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. 2016ൽ റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയുമായി സർക്കാർ സമാധാന കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ കരാർ തള്ളിയ ഗ്രൂപ്പിലെ വിമത അംഗങ്ങൾ ആയുധങ്ങൾ താഴെയിടാൻ വിസമ്മതിച്ചു.

Tags:    
News Summary - Colombia to end airstrikes against armed groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.