‘ഇസ്രായേലിന്റെ ക്രിമിനൽ എംബസി പൂട്ടുക’ -ചിലിയിൽ ബഹുജന പ്രതിഷേധം

സാന്റിയാഗോ: ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ചിലിയിൽ ബഹുജന പ്രതിഷേധം. ചിലിയിലെ സാൻറിയാഗോ പ്രവിശ്യയിലാണ് ‘ഇസ്രായേലിന്റെ ക്രിമിനൽ എംബസി പൂട്ടുക’ എന്ന മുദ്രാവാക്യവുമായി നിരവധി പേർ സംഘടിച്ചത്.

ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. ഫലസ്തീൻ പതാകകൾ വീശിയും വിമോചനപ്പോരാട്ടത്തിന്റെ പ്രതീകങ്ങളിലൊന്നായ കഫിയ്യ അണിഞ്ഞുമാണ് സമരക്കാർ എത്തിയത്. ചിലിയുടെ അംബാസഡറെ ഇസ്രായേലിൽ നിന്ന് പിൻവലിക്കണമെന്ന് പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക്കിനോട് ഇവർ ആവശ്യപ്പെട്ടു.

കാനഡയിലെ ടൊറന്റോയിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധം അരങ്ങേറി. ടൊറന്റോയിലെ ജൂത ആശുപത്രിയായ ‘മൗണ്ട് സിനായ്’ ഹോസ്പിറ്റലിന് പുറത്തായിരുന്നു പ്രതിഷേധം. ‘ഇൻതിഫാദ നീണാൾ വാഴട്ടെ’ എന്ന് മുദ്രാവാക്യം മുഴക്കിയ സമരക്കാർ, ആശുപത്രിയുടെ മുകളിൽ ഫലസ്തീൻ പതാക ഉയർത്തി.

സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. “ഇന്നലെ മൗണ്ട് സീനായ് ഹോസ്പിറ്റലിൽ നടന്ന പ്രകടനം അപലപനീയമാണ്. ആശുപത്രികൾ ചികിത്സക്കും പരിചരണത്തിനുമുള്ള സ്ഥലങ്ങളാണ്, പ്രതിഷേധങ്ങൾക്കും ഭീഷണികൾക്കും വേണ്ടിയല്ല” -അദ്ദേഹം എക്‌സിൽ എഴുതി.

Tags:    
News Summary - ‘Close the criminal embassy’: Chileans demand cut to Israel ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.