മരിയുപോളിൽ കോളറ വ്യാപനം രൂക്ഷം

കിയവ്: മരിയുപോളിൽ കോളറ വ്യാപനം രൂക്ഷം. മൃതദേഹങ്ങൾ കൂടി കിടന്ന് പ്രദേശത്തെ കിണറുകളെല്ലാം മലിനമായിരിക്കയാണ്. റഷ്യൻ ഉപരോധത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ സംവിധാനങ്ങൾ തകർന്നെന്നും തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ ചീഞ്ഞഴുകി പരിസരങ്ങൾ മലിനമായെന്നും മരിയുപോൾ മേയർ വാഡിം ബോയ്‌ചെങ്കോ പറഞ്ഞു.

മരിയുപോളിലെ 20,000ത്തോളം ജനങ്ങളെ ബാധിച്ച യുദ്ധത്തോടൊപ്പം ഇത്തരത്തിൽ മാരകമായ രോഗങ്ങൾ കൂടി ഉണ്ടായാൽ അത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് മാരക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ കൂടുതൽ മാനുഷിക പിന്തുണ നൽകണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചിരിക്കുകയാണ് യുക്രെയ്ൻ. കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ രൂക്ഷമായതോടെ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്നും യുക്രെയ്ൻ പറഞ്ഞു.

നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് അവശേഷിക്കുന്ന സിവിലിയൻമാരെ കൂടി സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് മാനുഷിക ഇടനാഴികൾ സൃഷ്ടിക്കണമെന്ന് യുക്രെയ്ൻ ഐക്യരാഷ്ട്ര സഭയോടും റെഡ് ക്രോസിന്റെ ഇന്റർനാഷണൽ കമ്മിറ്റിയോടും ആവശ്യപ്പെട്ടു.

അതിനിടെ, യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി കുറയുന്നത് അടുത്ത വർഷം ആഗോളതലത്തിൽ 19 ദശലക്ഷം ആളുകളെ പട്ടിണിയിലാക്കാൻ കാരണമായേക്കാമെന്ന് യു.എൻ ഭക്ഷ്യ ഏജൻസി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Cholera Spreads In Ukraine's Mariupol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.