പാസ്പോർട്ടുകൾ കൈമാറി ആൾമാറാട്ടം; ചൈനീസ് ഇരട്ട സഹോദരികൾ രാജ്യംവിട്ടത് 30ലധികം തവണ

ബെയ്ജിങ്: പാസ്പോർട്ടുകൾ പരസ്പരം കൈമാറി ആൾമാറാട്ടത്തിലൂടെ നിരവധി തവണ വിദേശരാജ്യങ്ങളിലേക്ക് പറന്ന ഇരട്ട സഹോദരികളെ ഒടുവിൽ ചൈനീസ് പൊലീസ് പിടികൂടി. ചൈനയിൽനിന്ന് ജപ്പാനിലേക്കും തായ്‍ലാൻഡിലേക്കും ഉൾപ്പെടെ 30ലധികം തവണ ഇവർ വിദേശയാത്ര നടത്തിയശേഷമാണ് പാസ്പോർട്ട് പരസ്പരം മാറ്റിയുള്ള തട്ടിപ്പ് അധികൃതർ അറിഞ്ഞത്.

വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ഏറെ സുരക്ഷാക്രമീകരണങ്ങളുണ്ടായിട്ടും ഇത്തരത്തിൽ ഇവർ യാത്ര നടത്തിയത് കണ്ടുപിടിക്കാൻ കഴിയാത്തതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ചൈനയിലെ ഹർബിൻ സിറ്റിയിലെ ജോ സഹോദരിമാരെയാണ് അറസ്റ്റ് ചെയ്തത്. രൂപഭാവത്തിൽ ഒരുപോലെയുള്ള ഇരട്ട സഹോദരിമാരിൽ ഒരാൾക്ക് ജപ്പാനിലുള്ള ഭർത്താവിന്‍റെ അടുത്തേക്ക് പോകുന്നതിനായാണ് ആദ്യമായി പാസ്പോർട്ട് മാറ്റി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി.

വിസക്ക് അപേക്ഷിച്ചെങ്കിലും തള്ളിപോയി. തുടർന്ന് നേരത്തെ തന്നെ ജപ്പാൻ വിസ ലഭിച്ചിട്ടുള്ള ഇരട്ട സഹോദരിയുടെ പാസ്പോർട്ട് കടം വാങ്ങി യാത്ര ചെയ്തു. പിന്നീട് ചൈന, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഉൾപ്പെടെ 30ലധികം തവണയാണ് ഇത്തരത്തിൽ പാസ്പോർട്ട് മാറ്റി യാത്ര ചെയ്തത്. സമാനമായ രീതിയിൽ രണ്ടാമത്തെ ഇരട്ട സഹോദരി തായ് ലാൻഡിലേക്ക് നാലുതവണയും യാത്ര ചെയ്തു.

സഹോദരിമാരുടെ പ്രായമോ പേരോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ആദ്യമാണ് ഇരുവരും നടത്തിയ ആൾമാറാട്ടം അധികൃതർ തിരിച്ചറിഞ്ഞത്. ഈ സമയം ഇരുവരും വിദേശത്തായിരുന്നു. സംഭവം കണ്ടെത്തിയതിനെതുടർന്ന് ഇരുവരോടും ചൈനയിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. മുഖം സ്കാൻ ചെയ്യുന്ന അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും ആൾമാറാട്ടം നടത്തി യാത്ര ചെയ്തത് എങ്ങനെയെന്നുള്ള ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്.

Tags:    
News Summary - Chinese twins arrested for exchanging passports dozens of times to travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.