ബീജിങ്ങ്: രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്നതിനാൽ ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ പ്രവർത്തനരഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് സൈനിക ഗവേഷകർ വിഷയത്തിൽ പഠനം പ്രസിദ്ധീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും സംവേദനക്ഷമതയുമുള്ള ഒരു നിരീക്ഷണ സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പഠനം ഊന്നിപറയുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാക്കിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിലെ ഗവേഷകനായ റെൻ യുവാൻഷെൻ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. അമേരിക്കൻ ഡ്രോണുകളുടെയും സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെയും ഡാറ്റാ ട്രാൻസ്മിഷൻ വേഗത 100 മടങ്ങ് വർദ്ധിപ്പിക്കാൻ സ്റ്റാർലിങ്ക് കണക്ഷന്‍ വഴി കഴിയുമെന്ന് കണക്കാക്കുന്നതിനാലാണ് പഠനം നടത്തിയതെന്ന് ചൈനീസ് ഗവേഷകർ വ്യക്തമാക്കി.
നേരത്തെ റഷ്യയുടെ റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസി തലവൻ ദിമിത്രി റോഗോസിൻ യുക്രെയ്നിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാക്കിയതിന് മസ്കിനെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ച് മസ്ക് തന്നെ ഈ ഭീഷണി ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.