ചൈനയിൽ എവർഗ്രാൻഡെയുടെ 39 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ട് ഭരണകൂടം

ഹോങ്കോങ്: ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ 39 കെട്ടിടങ്ങൾ പൊളിക്കാൻ ഭരണകൂടം ഉത്തരവിട്ടു. കെട്ടിട അനുമതി കമ്പനി അനധികൃതമായാണ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈനാൻ പ്രവിശ്യാ ഭരണകൂടം 39 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.

നിലവിൽ 300 ബില്യൺ ഡോളറിലധികം വരുന്ന കടബാധ്യത എവർഗ്രാൻഡെക്കുണ്ട്. തിങ്കളാഴ്ച രാത്രി സമൂഹമാധ്യമമായ വീചാറ്റിലൂടെ നടപടി അംഗീകരിക്കുന്നതായി കമ്പനി അറിയിച്ചു. എന്നാൽ ഏകദേശം 61,000 സ്ഥല ഉടമകൾ ഉൾപ്പെടുന്ന ഈ പ്രോപ്പർട്ടി പ്രോജക്റ്റിലെ മറ്റ് കെട്ടിടങ്ങളെ ഉത്തരവ് ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

എവർഗ്രാൻഡെ‍യുടെ ഓഷ്യൻ ഫ്ലവർ ഐലൻഡ് പദ്ധതിയുടെ ഭാഗമായാണ് ഹൈനാനിൽ 39 കെട്ടിടങ്ങൾ പണികഴിപ്പിച്ചത്. ആറ് വർഷത്തിനിടെ ഈ പദ്ധതിക്ക് വേണ്ടി കമ്പനി ഏകദേശം 13 ബില്യൺ യു.എസ് ഡോളറാണ് നിക്ഷേപിച്ചത്. ഓഷ്യൻ ഫ്ലവർ ഐലൻഡ് പ്രോജക്റ്റിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തുമെന്നും പ്രശ്നത്തിന് ശരിയായി പരിഹാരം കണ്ടെത്തുമെന്നും കമ്പനിവൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, 2021ൽ 443.02 ബില്യൺ യുവാൻ (70 ബില്യൺ ഡോളർ) കരാർ വിൽപന കൈവരിച്ചതായി ചൊവ്വാഴ്ച എവർഗ്രാൻഡെ വ്യക്തമാക്കി. ഇത് 2020ലെ വിൽപ്പന കണക്കിൽ നിന്ന് 39 ശതമാനം കുറവാണ്. നേരത്തെ 300 ബില്യൺ ഡോളറിലധികം വരുന്ന മൊത്തം കടബാധ്യതകൾ തിരിച്ചടയ്ക്കാൻ കമ്പനി ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ കമ്പനിയുടെ ചെയർമാൻ സു ജിയായിൻ സാമ്പത്തിക സഹായത്തിനായി വ്യക്തിഗത ആസ്തികൾ വരെ വിൽക്കാന്‍ ശ്രമിക്കുന്നതായും പറയപ്പെടുന്നു.

എവർഗ്രാൻഡെയുടെ തകർച്ച ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖലക്ക് വ്യാപകമായ നഷ്ടങ്ങളുണ്ടാക്കുമെന്നും ഇത് ചൈനയുടെ സാമ്പത്തികമേഖലയെ ദോഷകരമായി ബാധിക്കുമെന്നും റിയൽ എസ്റ്റേറ്റ് വിശകലന വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ചൈനയിൽ രാജ്യത്തിന്‍റെ ജി.ഡി.പിയുടെ 30 ശതമാനത്തോളം പ്രവർത്തനങ്ങൾ നടക്കുന്നത് റിയൽ എസ്റ്റേറ്റിലും അനുബന്ധ വ്യവസായങ്ങളിലുമാണ്. നവംബറിൽ ചൈനീസ് റിയൽ എസ്റ്റേറ്റിലെ പ്രശ്‌നങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - Chinese property giant Evergrande ordered to demolish 39 buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.