ബെയ്ജിങ്: കൊറോണ വൈറസിന്‍റെ ഉത്ഭവ കേന്ദ്രമായി കരുതുന്ന ചൈനയിൽ കാര്യങ്ങൾ ഏതാണ്ട് ശാന്തമാണിപ്പോൾ. ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങൾ രണ്ടാംതരംഗത്തിൽ വിറങ്ങലിച്ചെങ്കിലും ചൈനയിൽ കാര്യമായ രോഗവ്യാപനമുണ്ടായില്ല. ഇനിയൊരു രോഗവ്യാപനം സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രതയിലാണ് അധികൃതർ.
അതിനിടെ, ചൈനീസ് നഗരമായ ഗുവാങ്സോയുടെ സമീപമേഖലയിൽ ഒറ്റ ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവിടെ ആകെ 20 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയാനായി എല്ലാവരെയും പരിശോധന നടത്താനാണ് ശനിയാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ലോകത്ത് പല രാജ്യങ്ങളിലും പ്രതിദിനം ആയിരക്കണക്കിന് രോഗികൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ദിവസങ്ങൾ കൊണ്ട് 20 രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ച് പരിശോധന നടത്തിയത്. ഒരു വ്യാപനം കൂടിയുണ്ടായാൽ നേട്ടങ്ങളെല്ലാം കൈവിട്ടുപോകുമെന്നതിനാലാണ് അധികൃതരുടെ കനത്ത ജാഗ്രത.
ചൈനയിൽ ആകെ 91,061 പേർക്കാണ് കോവിഡ് ബാധിച്ചത്. 4636 പേർ മരിച്ചു. നിലവിൽ 318 പേർ ചികിത്സയിലുണ്ട്. അതേസമയം, ഇന്ന് 16 പുതിയ കേസുകൾ ഇവിടെ സ്ഥിരീകരിച്ചു. ഇന്നലെ ഏഴ് കേസുകളും മിനിഞ്ഞാന്ന് 19 കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.