ചൈനയിൽ പിടിമുറുക്കി കോവിഡ്; ശ്മശാനത്തിൽ മൃതശരീരങ്ങൾ നിറയുന്നു; മോർച്ചറികളിൽ സ്ഥലമില്ല

ചൈനയിൽ ഭീതി പരത്തി കോവിഡ് അതിവേഗം പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ കെട്ടികിടക്കുകയാണെന്നും മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കാൻ സ്ഥലമില്ലെന്നും വാർത്ത ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

ശ്മശാനങ്ങളിൽ ജീവനക്കാർ അധികസമയം ജോലി ചെയ്താണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. കഴിഞ്ഞദിവസം കർശന കോവിഡ് നിയന്ത്രണങ്ങളിൽ ചൈനീസ് ഭരണകൂടം ഇളവ് വരുത്തിയിരുന്നു. പിന്നാലെയാണ് കോവിഡ് കേസുകളിൽ ഗണ്യമായ വർധനയുണ്ടായത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും മരണവും രേഖപ്പെടുന്നത് അസാധ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പറയുന്നു. പ്രതിഷേധത്തെ തുടർന്നാണ് വർഷങ്ങളായി തുടരുന്ന ക്വാറന്‍റീൻ മാനദണ്ഡങ്ങളിലും കൂട്ട പരിശോധനയിലും സർക്കാർ ഇളവ് വരുത്തിയത്.

വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് മേഖലയിലാണ് സ്ഥിതിഗതികൾ രൂക്ഷം. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ പ്രയാസപ്പെടുകയാണെന്ന് ചോങ്കിങ്ങിലെ ശ്മശാന ജീവനക്കാരൻ വെളിപ്പെടുത്തിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ മൂന്നു കോടി ജനങ്ങളും ചെറിയ രോഗ ലക്ഷണങ്ങളുണ്ടെങ്കിലും ജോലിക്കു പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്‍റെ തെക്കൻ നഗരമായ ഗ്വാങ്‌ഷൂവിലും സമാനമാണ് കാര്യങ്ങൾ. 30ലധികം മൃതദേഹങ്ങളാണ് ഒരു ദിവസം സംസ്കരിക്കുന്നതെന്ന് ഇവിടുത്തെ ഒരു ശ്മശാന ജീവനക്കാരൻ വെളിപ്പെടുത്തി. അയൽ ജില്ലകളിൽനിന്നുപോലും ഇവിടേക്ക് മൃതദേഹങ്ങൾ എത്തുന്നുണ്ട്. വടക്കു കിഴക്കൻ നഗരമായ ഷെന്യാങ്ങിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിലാണ് പലയിടങ്ങളിലും.

ബെയ്ജിങ്ങിൽ രണ്ടു ദിവസത്തിനിടെ ഏഴു പേരാണ് മരിച്ചത്. 2,722 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്‌. ചൈനീസ് നഗരങ്ങളിൽ നിലവിൽ ബി.എ.5.2, ബി.എഫ്.7 ഒമിക്രോൺ വകഭേദങ്ങളാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ബെയ്ജിങ്ങിൽ ബി.എഫ്.7 വകഭേദമാണ് പിടിമുറുക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേരെയും വൈറസ് ബാധിച്ചതായാണ് കണക്ക്.

രണ്ടാഴ്ചയോളം പൊതു പരിശോധന നിർത്തിയതിനാൽ ചൈനക്ക് കേസുകളുടെ എണ്ണത്തിൽ കൃത്യതയില്ല. ഇപ്പോൾ ജനങ്ങൾ സ്വയം പരിശോധിക്കുന്ന ആന്റിജൻ കിറ്റുകൾ വാങ്ങുകയാണ്. അവ കരിഞ്ചന്തയിൽ അമിത വിലക്കാണ് വിൽക്കുന്നത്. ചൈനീസ് ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന വയോധികർ വാക്സിൻ എടുക്കാത്തതും ആശങ്ക കൂട്ടുന്നു.

ശ്വാസതടസ്സം മൂലം മരിക്കുന്ന കോവിഡ് രോഗികളെ മാത്രമേ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തൂവെന്ന് ചൊവ്വാഴ്ച ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ വ്യക്തമാക്കി. കൂടുതൽ പേർ രോഗബാധിതരായി മരിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം. രോഗബാധിതരായ ശേഷം ഹൃദയാഘാതമുണ്ടായി മരിച്ചവരെ ഒഴിവാക്കുന്നു. ന്യൂമോണിയ മൂലമുണ്ടാകുന്നവയും കോവിഡ് കാരണമുണ്ടാകുന്ന ശ്വസന തകരാറുകളും കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തും.

Tags:    
News Summary - China's COVID Surge: Crematoria Strained Beyond Capacity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.