ബീജിങ്: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ വീണ്ടും പ്രതികരണവുമായി ചൈന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാൽപര്യം മുൻനിർത്തി ഇരു രാജ്യങ്ങളും നീങ്ങണമെന്ന് ചൈന പറഞ്ഞു. ആക്രമണങ്ങൾ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയപരിഹാരം പ്രശ്നത്തിൽ ഉണ്ടാവണം. ഇതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും ചൈന വ്യക്തമാക്കി.
സമാധാനപരമായ പരിഹാരം പ്രശ്നത്തിൽ ഉണ്ടാവണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നത്. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ചൈന വാഗ്ദാനം നൽകുകയും ചെയ്തു. നേരത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ ചൈന അപലപിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും സംഘർഷം എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് വക്താവാണ് ട്രംപിന്റെ പ്രതികരണം അറിയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് വക്താവ് കാരോളിൻ ലാവിറ്റിന്റെ പ്രതികരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹം. ഡോണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉണ്ടെന്ന് ട്രംപ് മനസിലാക്കുന്നതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി റുബിയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായും സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.