ബെയ്ജിങ്: 2023-ൽ ചൈനയുടെ ജനസംഖ്യ നിരക്കിൽ കാര്യമായ ഇടിവാണ് സംഭവിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആറ് പതിറ്റാണ്ടിലേറെ നീണ്ട ജനസംഖ്യ വർധനക്ക് ശേഷം ഇപ്പോഴാണ് രാജ്യം ജനസംഖ്യാപരമായ പ്രതിസന്ധി നേരിടുന്നത്.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈനയെ കഴിഞ്ഞ വർഷമാണ് ഇന്ത്യ പിന്തള്ളിയത്. സബ്‌സിഡികളിലൂടെയും മറ്റ് പ്രചാരണങ്ങളിലൂടെയും ജനനനിരക്ക് കൂട്ടാൻ ശ്രമിക്കുകയാണ് ചൈന ഇപ്പോൾ. 2023 അവസാനത്തോടെ ചൈനയിലെ ജനസംഖ്യ നിരക്ക് 140.96 കോടിയായിരുന്നു. 2022 അവസാനത്തെ അപേക്ഷിച്ച് 2.08 ദശലക്ഷത്തിന്‍റെ കുറവാണുണ്ടായതെന്ന് ബെയ്ജിങിന്‍റെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു.
1960ലാണ് ചൈനയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് സംഭവിക്കുന്നത്. മുൻവർഷത്തെക്കാൾ 8,50,000 ആളുകളുടെ വ്യത്യാസമുണ്ടായിരുന്നു. അതിന് ശേഷം അത്തരത്തിലൊരു ഇടിവ് സംഭവിക്കുന്നത് 2023ലാണ്. 2022-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടിവിന്റെ ഇരട്ടിയിലധികമായിരുന്നു കഴിഞ്ഞ വർഷത്തെ ഇടിവ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ൽ ജനനനിരക്ക് 9.02 ദശലക്ഷമായിരുന്നു.
1980-കളിൽ അമിത ജനസംഖ്യ ഭീതികൾക്കിടയിൽ അടിച്ചേൽപ്പിക്കപ്പെട്ട 'ഒറ്റക്കുട്ടി നയം' 2016 ലാണ് ചൈന അവസാനിപ്പിച്ചത്. 2021-ൽ ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾ എന്ന നയം ചൈന കൊണ്ടുവന്നിരുന്നു.
കുതിച്ചുയരുന്ന ജീവിതചിലവും, തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകളുടെയും, ഉന്നത വിദ്യാഭ്യാസം തേടുന്നവരുടെയും വർധനയും ഒരു പരിധിവരെ ജനസംഖ്യ നിരക്കിനെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.