ബീജിംഗ്: ചൈനക്ക് മേൽ നാറ്റോ 50 ശതമാനം മുതൽ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പ്രസ്താവനക്ക് മറുപടിയുമായി ചൈന. സുപ്രധാന തീരുമാനങ്ങൾ ചരിത്രത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത ഉൾക്കൊണ്ടാവണമെന്നും ചൈനയും യൂറോപ്പും എതിരാളികളല്ലെന്നും വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
സ്ലോവേനിയയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ ചുമതല വഹിക്കുന്നയാളുമായ ടാൻജ ഫജോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച ലുബ്ലിയാനയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
‘ചൈന യുദ്ധങ്ങളിൽ പങ്കെടുക്കുകയോ യുദ്ധങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നില്ല, ചർച്ചകളിലൂടെ സുപ്രധാന പ്രശ്‌നങ്ങളിൽ രാഷ്ട്രീയ പരിഹാരം പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ നയം,‘- വാങ് യി പറഞ്ഞു. ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും തത്വങ്ങളും സംയുക്തമായി സംരക്ഷിക്കാനും ചൈനീസ് വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.
ചൈനയും യൂറോപ്പും എതിരാളികളല്ല, സുഹൃത്തുക്കളായിരിക്കണം, പരസ്പരം നേരിടുന്നതിനുപകരം സഹകരിക്കണം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങൾക്കിടയിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ചരിത്രത്തോടും ജനങ്ങളോടും ഇരുപക്ഷവും നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങൾ ഉൾക്കൊണ്ടാവണമെന്നും വാങ് യി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനെതിരെ സമ്മർദ്ദം ശക്തമാക്കാൻ റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങുന്ന ചൈനക്കെതിരെ നാറ്റോ 50 ശതമാനം മുതൽ 100 ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.