ബൈയ്ജിങ്: കോവിഡ് വ്യാപനത്തെ തുടർന്ന് പുരാതന ചൈനീസ് നഗരമായ ഷിയാനിൽ ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബ്രിട്ടൻ, യു.എസ് രാജ്യങ്ങൾക്കു പിന്നാലെ ഒമിക്രോൺ വകഭേദമാണ് ചൈനയിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. 1.3 കോടി ആളുകൾ താമസിക്കുന്ന ഷിയാനിൽ ഒരാഴ്ചത്തേക്ക് സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റസ്റ്റാറന്റുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ അതീവ കോവിഡ് വ്യാപനമുള്ള ഭാഗങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ട്.
കോവിഡ് വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഒമിക്രോൺ(ബി.എ2.2). ആന്റിബോഡികളെ പ്രതിരോധിക്കാനും ഈ വകഭേദത്തിന് കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സീറോ കോവിഡ് എന്ന ചൈനയുടെ വിട്ടുവിഴ്ചയില്ലാത്ത നയത്തിന് വലിയ തിരിച്ചടിയാണ് ഷിയാൻ നഗരത്തിലെ കോവിഡ് വ്യാപനം. ചൊവ്വാഴ്ച 335 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ ആളുകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
അതിനിടെ, 2.5 കോടി ആളുകൾക്ക് വ്യാപക കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ഷാങ്ഹായ് നഗരം. ഒരാളെ പോലും പരിശോധിക്കാതെ വെറുതെ വിടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അൻഹുയ് പ്രവിശ്യയിൽ രണ്ടു കൗണ്ടിയിൽ ജനങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.