ബന്ധം ദൃഢമാക്കാൻ ചൈനയും റഷ്യയും; ജപ്പാൻ കടലിൽ സംയുക്ത നാവികാഭ്യാസത്തിന് തുടക്കം

ടോക്കിയോ: പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്താനും അമേരിക്ക നയിക്കുന്ന ആഗോള ക്രമത്തെ സന്തുലിതമാക്കലും ലക്ഷ്യമിട്ട് ചൈനയും റഷ്യയും ജപ്പാൻ കടലിൽ സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കുമേൽ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ചൈനീസ്-റഷ്യൻ സർക്കാറുകൾ ബന്ധം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട്.

റഷ്യൻ തുറമുഖമായ ​​​േവ്ലാഡിവോസ്റ്റോക്കിനു സമീപമുള്ള ജലാശയങ്ങളിലാണ് സംയുക്ത കടൽ അഭ്യാസം ആരംഭിച്ചതെന്നും ഇത് മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും ചൈനയുടെ ദേശീയ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരുപക്ഷവും സംയുക്ത അന്തർവാഹിനി വിരുദ്ധ, വ്യോമ പ്രതിരോധ, മിസൈൽ വിരുദ്ധ പ്രവർത്തനങ്ങൾ, സമുദ്ര പോരാട്ടം എന്നിവ ഈ ദിവസങ്ങളിൽ നടത്തും.

ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളായ ഷാവോക്സിംഗ്, ഉറുംകി എന്നിവയുൾപ്പെടെ നാലു ചൈനീസ് കപ്പലുകൾ റഷ്യൻ കപ്പലുകൾക്കൊപ്പം അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അഭ്യാസങ്ങൾ ഇരു രാജ്യങ്ങളുടെയും ‘തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക’ എന്ന ലക്ഷ്യത്തോടെയാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

റഷ്യയുടെ മൂന്ന് വർഷത്തിലധികം നീണ്ടുനിൽക്കുന്ന യുദ്ധത്തെ ചൈന ഒരിക്കലും അപലപിച്ചിട്ടില്ല. സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. യു.എസ് ഉൾപ്പെടെയുള്ള യുക്രെയ്‌നിന്റെ പല സഖ്യകക്ഷികളും ചൈന റഷ്യക്ക് പിന്തുണ നൽകിയിട്ടുണ്ടെന്ന് കരുതുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ സ്വാധീനം ചെലുത്താൻ യൂറോപ്യൻ നേതാക്കൾ കഴിഞ്ഞ മാസം ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചൈന അങ്ങനെ ചെയ്യുന്നതിന്റെ ഒരു സൂചനയും ഉണ്ടായിട്ടില്ല. അതേമസയം, ചൈന ഒരു നിഷ്പക്ഷ കക്ഷിയാണെന്ന് തറപ്പിച്ചുപറയുന്നുമുണ്ട്. പതിവായി പോരാട്ടം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിനെ ആയുധമാക്കി സംഘർഷം നീട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നു.

അഭ്യാസങ്ങൾക്കുശേഷം ഇരു രാജ്യങ്ങളും പസഫിക്കിലെ പ്രസക്തമായ ജലാശയങ്ങളിൽ നാവിക പട്രോളിങ് നടത്തും. ചൈനയും റഷ്യയും വർഷങ്ങളായി വാർഷിക അഭ്യാസങ്ങൾ നടത്തിവരുന്നു. 2012ലാണ് ഇതാരംഭിച്ചത്. കഴിഞ്ഞ വർഷത്തെ അഭ്യാസങ്ങൾ ചൈനയുടെ തെക്കൻ തീരത്താണ് നടന്നത്.

കഴിഞ്ഞ മാസം ജപ്പാൻ പ്രതിരോധ മന്ത്രാലയം അതിന്റെ വാർഷിക റിപ്പോർട്ടിൽ, റഷ്യയുമായുള്ള ചൈനയുടെ വർധിച്ചുവരുന്ന സൈനിക സഹകരണം ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - China and Russia begin joint military drills in Sea of Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.