ഒഹായോയിൽ ട്രെയിൻ പാളംതെറ്റിയ ഭാഗത്ത് രാസവസ്തുക്കൾക്കായി പരിശോധന നടത്തുന്നു
വാഷിങ്ടൺ: ട്രെയിൻ പാളംതെറ്റി രാസവസ്തുക്കൾ പരന്ന് ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണ് അമേരിക്കയിലെ ഒഹായോ നിവാസികൾ. വിനൈൽ ക്ലോറൈഡ് എന്ന രാസവസ്തുവാണ് പരന്നത്. ചിലർക്ക് തലവേദന പോലെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. അർബുദംപോലുള്ള മാരകരോഗങ്ങൾ പിടിപെടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. 12 കി.മീറ്റർ പരിധിയിൽ 3500ലേറെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
മണ്ണിലും വായുവിലും ഒഹായോ നദിയിലും വിഷപദാർഥങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ സർവസന്നാഹങ്ങളുമായി അധികൃതർ സ്ഥലത്തുണ്ട്. സ്വന്തം നിലക്ക് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കരുതെന്നും സഹായത്തിന് തങ്ങൾ ഉണ്ടെന്നും യു.എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി അഡ്മിനിസ്ട്രേറ്റർ മിഖായേൽ റീഗൻ പരിസരവാസികളോട് ആവശ്യപ്പെട്ടു. എല്ലാ വീടുകളിലെയും കിണർവെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. വിഷയം ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൈൻ ജീൻ പിയറി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചവരെ പരിശോധനകൾ പൂർത്തിയാക്കിയശേഷമേ തിരിച്ചെത്തിക്കൂ.
മുനിസിപ്പൽ ജലവിതരണ സംവിധാനത്തിൽ മാലിന്യം കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കിണർ പരിശോധന ഫലം വരുന്നതുവരെ കുപ്പിവെള്ളം ഉപയോഗിക്കാനാണ് പ്രദേശവാസികൾക്ക് നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.