വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശകനായ മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ വിർജീനിയയിലെ ഒരു ഫെഡറൽ കോടതി രണ്ടു കുറ്റങ്ങൾ ചുമത്തി. തെറ്റായ പ്രസ്താവനകൾ നടത്തിയതിനും നീതിന്യായ വ്യവസ്ഥ തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെയും ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെയും സംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ എഫ്.ബി.ഐയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന് 2020ൽ യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് കോമി നൽകിയ പ്രസ്താവനയിൽ നിന്നാണ് ആരോപണങ്ങൾ ഉയർന്നത്.
എഫ്.ബി.ഐ അന്വേഷണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിങിൽ അജ്ഞാത ഉറവിടമാകാൻ മറ്റാരെയും താൻ അധികാരപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് കോമി കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
എന്നാൽ, താൻ നിരപരാധിയാണെന്ന് കോമി പ്രതികരിച്ചു. ഫെഡറൽ നീതിന്യായ വ്യവസ്ഥയിൽ വലിയ വിശ്വാസമുണ്ടെന്ന് പറയുകയും ചെയ്തു. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് പുറത്താക്കുന്നതുവരെ 2013 മുതൽ 2017 വരെ എഫ്.ബി.ഐയുടെ തലവനായിരുന്നു കോമി.
കോമി ഉൾപ്പെടെയുള്ള തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കൂടുതൽ ആക്രമണാത്മകമായ അന്വേഷണം നടത്താൻ രാജ്യത്തെ ഉന്നത നിയമ നിർവഹണ ഉദ്യോഗസ്ഥനായ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുറ്റപത്രം. ഉടൻ കോമിക്കെതിരായ നീക്കം ആഘോഷിച്ച് ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ ‘അമേരിക്കക്ക് നീതി!’ എന്ന് എഴുതി.‘രാജ്യം ഇതുവരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം മനുഷ്യരിൽ ഒരാളാണ് എഫ്.ബി.ഐയുടെ മുൻ അഴിമതിക്കാരനായ തലവൻ ജെയിംസ് കോമി’ എന്നും ട്രംപ് ആരോപിച്ചു.
നേരത്തെ ട്രംപിന്റെ സ്വകാര്യ അഭിഭാഷകയായിരുന്ന, വിർജീനിയയിലെ യു.എസ് അറ്റോർണി ലിൻഡ്സെ ഹാലിഗന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. അമേരിക്കൻ ജനതയെ തെറ്റിദ്ധരിപ്പിച്ചതിന്, അധികാര സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ ഉത്തരവാദികളാക്കാനുള്ള നീതിന്യായ വകുപ്പിന്റെ പ്രതിബദ്ധതയെ കുറ്റപത്രം പ്രതിഫലിപ്പിക്കുന്നു എന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കോമിക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, തന്റെ കക്ഷി കുറ്റങ്ങൾ നിഷേധിച്ചതായി കോമിയുടെ അഭിഭാഷകനായ പാട്രിക് ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു. ‘ട്രംപിനെ നേരിടുന്നതിന് ചെലവുകൾ ഉണ്ടെന്ന് എനിക്കും എന്റെ കുടുംബത്തിനും വർഷങ്ങളായി അറിയാം. ഞങ്ങൾ മുട്ടുകുത്തി ജീവിക്കില്ല. ഞാൻ നിരപരാധിയാണ്. അതിനാൽ നിയമപരമായി നേരിടു’മെന്ന് കോമി ഒരു വിഡിയോ പ്രസ്താവനയിൽ പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണവും റഷ്യയും തമ്മിലുള്ള ഗൂഢാലോചനയെക്കുറിച്ച് ആരോപണമുയർന്നിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെ 2017 ൽ ട്രംപ് കോമിയെ പുറത്താക്കി. ട്രംപ് യു.എസ് പ്രസിഡൻറായിരിക്കാൻ ഒട്ടും അനുയോജ്യനല്ലെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോമി ഒരു അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു.
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, ട്രംപ് എതിരാളികളായി കരുതപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചു. മുൻ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികൾ പിൻവലിക്കൽ, തനിക്കെതിരായ മുൻ കേസുകൾ കൈകാര്യം ചെയ്ത നിയമ സ്ഥാപനങ്ങളെ ലക്ഷ്യം വെക്കൽ, സർവകലാശാലകൾക്കുള്ള ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.