ഋഷി സുനക്, ബിന്യമിൻ നെതന്യാഹു

വെടിനിർത്തിയാൽ ഹമാസിന് മാത്രം നേട്ടം, താൽക്കാലിക ഇടവേള മതി -​​ഋഷി സുനക്

ലണ്ടൻ: ഗസ്സയിൽ വെടിനിർത്തിയാൽ അത് ഹമാസിന് മാത്രമാണ് നേട്ടമുണ്ടാക്കുകയെന്നും പൂർണ വെടിനിർത്തൽ വെണ്ടതില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന് ബ്രിട്ടന്റെ പൂർണ പിന്തുണയുണ്ട്. ബ്രിട്ടീഷ് പൗരന്മാർക്ക് ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകാനും ഉപരോധ മേഖലയിലേക്ക് മാനുഷിക സഹായം എത്തിക്കാനും ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ മതിയാകുമെന്നും ​​ഋഷി സുനക് വ്യക്തമാക്കി.

“സഹായമെത്തിക്കാനും ബ്രിട്ടീഷ് പൗരൻമാരെ ഒഴിപ്പിക്കാനും സുരക്ഷിതമായ ഒരു അന്തരീക്ഷം വേണമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. വെടിനിർത്തലല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പകരം, താൽക്കാലിക വിരാമമാണ്’ -സുനക് പാർലമെന്റിൽ പറഞ്ഞു. വെടിനിർത്തൽ ഹമാസിന് നേട്ടമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹത്തിന്റെ ഓഫിസ് അഭിപ്രായ​പ്പെട്ടു.

അതിനിടെ, ഗസ്സയിൽ പാർപ്പിട സമുച്ചയങ്ങൾ ഇസ്രായേൽ വ്യാപകമായി തകർത്തതോടെ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ എണ്ണം ആറുലക്ഷം കവിഞ്ഞു. ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞുകവിയുന്നതായി ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു. 150 ക്യാമ്പുകളിലായി ആറുലക്ഷം​ പേരാണ് കഴിയുന്നത്. ഉൾക്കൊള്ളാനാവുന്നതിന്റെ നാലുമടങ്ങാണിതെന്ന് യു.എൻ.ആർ.ഡബ്ല്യു.എ കമീഷണർ ജനറൽ ഫിലപ് ലസാറിനി അറിയിച്ചു.

“ഞങ്ങളുടെ അഭയകേന്ദ്രങ്ങളിൽ അവയുടെ ശേഷിയേക്കാൾ നാലിരട്ടി മനുഷ്യരാണ് കഴിയുന്നത്. നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ നിരവധി ആളുകൾ തെരുവുകളിൽ ഉറങ്ങുകയാണ്” -യു.എൻ.ആർ.ഡബ്ല്യു.എ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ഇന്ധനമില്ലാതെ ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കില്ലെന്നും ആശുപത്രികൾ അടച്ചിടാൻ പോവുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ ഗസ്സ ഡയറക്ടർ തോമസ് വൈറ്റ് അറിയിച്ചു. ഈ സ്ഥിതി തുടർന്നാൽ അഭയാർഥി സംരക്ഷണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ​

Tags:    
News Summary - Ceasefire would only serve to benefit Hamas, UK supports humanitarian pause, not ceasefire: Sunak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.