സൗഹൃദ രാജ്യങ്ങൾ ഇടപെട്ടാണ് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയത് -പാകിസ്താൻ

ഇസ്‍ലാമാബാദ്: വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പാകിസ്താൻ. വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. നിരവധി സൗഹൃദരാജ്യങ്ങൾ ഇട​പെട്ടാണ് വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കിയതെന്നും പാകിസ്താൻ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

അപകടകരമായ നടപടികളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇന്ത്യയുടെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അന്താരാഷ്ട്ര സമൂഹവും ഇത് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. പാകിസ്താനും തീവ്രവാദത്തിന്റെ ഇരയാണ്. സങ്കുചിതമായ രാഷ്ട്രീയതാൽപര്യങ്ങൾക്കപ്പുറം മേഖലയുടെ സുസ്ഥിരതക്കും പൗരൻമാരുടെ സുരക്ഷക്കും ഇന്ത്യ പ്രാധാന്യം നൽകുമെന്നാണ് പ്രതീക്ഷയെന്നും പാകിസ്താൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നേരത്തെ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖയെന്താണെന്ന് ഇപ്പോൾ വ്യക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇനിയും ഭീകരാക്രമണമുണ്ടായാൽ അതിന് ശക്തമായ മറുപടി നൽകും. മൂന്ന് കാര്യങ്ങളിൽ ഇന്ത്യ ഉറച്ച തീരുമാനമെടുത്തു. ഭീകരാക്രമണമുണ്ടായാൽ ഞങ്ങളുടേതായ വഴിയിൽ ഞങ്ങളുടേതായ സമയത്ത് മറുപടി നൽകും. ആണവായുധ ഭീഷണി വെച്ചുപൊറുപ്പിക്കില്ല. തീവ്രവാദികളേയും അവർക്ക് പിന്തുണ നൽകുന്ന സർക്കാറിനേയും വേവ്വേറ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൈന്യവും എയർഫോഴ്സും നേവിയും ചേർന്ന് പാകിസ്താനെ പരാജയപ്പെടുത്തി. ഭീകരർക്ക് സമാധാനമായി ഇരിക്കാനുള്ള ഒരു സ്ഥലം​ പോലും പാകിസ്താനിൽ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനത്തിന് പിന്നിൽ പാകിസ്താന്റെ ഡ്രോണുകളും എയർക്രാഫ്റ്റുകളും മിസൈലുകളും പരാജയപ്പെട്ടു. മികച്ച പ്രവർത്തനം നടത്തിയ ഇന്ത്യൻ എയർഫോഴ്സിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.

Tags:    
News Summary - Ceasefire agreement made possible through the intervention of friendly countries - Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.