ബൈറൂത്: വെടിനിർത്തൽ കരാർ പ്രകാരം ലബനാനിൽനിന്ന് ഇസ്രായേൽ സൈനികരെ പിൻവലിക്കാനുള്ള സമയപരിധി നീട്ടി. ഫെബ്രുവരി 18 വരെയാണ് നീട്ടിയത്. നവംബറിൽ തയാറാക്കിയ കരാർ പ്രകാരം 60 ദിവസത്തിനകം സൈനികരെ പിൻവലിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. യു.എസിന്റെ മധ്യസ്ഥതയിൽ ലബനാൻ സർക്കാറും ഇസ്രായേലും തമ്മിലുള്ള ധാരണപ്രകാരമാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് ലബനാനും ഇസ്രായേലും ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. അതേസമയം, സൈനികരെ പിൻവലിക്കാനുള്ള സമയപരിധി നീട്ടിയതിനെക്കുറിച്ച് ഇസ്രായേലും ലബനാൻ സർക്കാറും പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ലബനാൻ പ്രസിഡന്റിന്റെ ഓഫിസ് ഞായറാഴ്ച തള്ളിയിരുന്നു.
ലബനാൻ സായുധ സേനയെ അതിർത്തിയിൽ വിന്യസിക്കുന്നതുവരെ തുടരേണ്ടതുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ, ഇസ്രായേൽ സേന പൂർണമായും പിൻവാങ്ങാതെ സേനയെ വിന്യസിക്കാൻ കഴിയില്ലെന്ന് ലബനാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സേനയെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ ഇസ്രായേൽ സൈന്യം ഞായറാഴ്ച നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ആറ് സ്ത്രീകളും ലബനാൻ സൈനികനും ഉൾപ്പെടും. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന 20 ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.
പ്രതിഷേധക്കാർ ഗ്രാമങ്ങളിലേക്ക് കടന്നതോടെ സേന വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രായേൽ ആരോപിച്ചു. സൈനികരുടെ അടുത്തെത്തിയ നിരവധി പേരെ പിടികൂടിയിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരുകയാണെന്നും ഇസ്രായേൽ കൂട്ടിച്ചേർത്തു.
ലബനാന്റെ പരമാധികാരവും അഖണ്ഡതയും ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും ജനങ്ങളുടെ അവകാശങ്ങളും അന്തസ്സും ഉറപ്പുവരുത്താൻ ഉന്നതതല ചർച്ച നടത്തുമെന്നും പ്രസിഡന്റ് ജോസഫ് ഔൻ അറിയിച്ചു.
അതിർത്തി മേഖലയിലെ ഗ്രാമങ്ങളിൽ പ്രതിഷേധക്കാർക്ക് അകമ്പടി പോവുകയായിരുന്നെന്നും സുരക്ഷ ഉറപ്പാക്കാൻ ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകിയിരുന്നെന്നും ലബനാൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അധിനിവിഷ്ട ലബനാനിൽനിന്ന് ഇസ്രായേൽ സേനയെ അടിയന്തരമായി പിൻവലിക്കണമെന്ന വ്യക്തമായ സന്ദേശമാണ് ഞായറാഴ്ചത്തെ രക്തച്ചൊരിച്ചിലെന്ന് പാർലമെന്റ് സ്പീക്കറും ഹിസ്ബുല്ലക്കുവേണ്ടി വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത നബീഹ് ബെറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.