വാഷിങ്‌ടൺ/ജറുസലേം: ലബനാനിലെ ഇസ്രായേൽ സൈനിക നടപടികളെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഖത്തർ യു.എസിന് സമ്മാനിച്ച പുതിയ എയർഫോഴ്സ് വൺ വിമാനം അനാച്ഛാദനം ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. ‘ഇസ്രായേലിനൊപ്പം ഞങ്ങൾ മികച്ച രീതിയിൽ പോരാടിയിട്ടുണ്ട്.
ഇസ്രായേലുമായി വലിയൊരു ബന്ധമാണുള്ളത്‘-ട്രംപ് പറഞ്ഞു. ഇറാനെതിരായ സമീപകാല യുദ്ധം പരാമർശിച്ച ട്രംപ്, ‘പോരാളിയായ പ്രധാനമന്ത്രി’ എന്നാണ് നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് അർഹമായ അംഗീകാരം നൽകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനും 60 ദിവസത്തെ ചർച്ചകൾക്ക് തുടക്കമിടാനുമുള്ള ധാരണാപത്രത്തിൽ (എം.ഒ.യു) യു.എസ് ഒപ്പുവെച്ചിരുന്നു. എന്നാൽ, ഈ കരാർ ജറുസലേമിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലബനാനിൽ വെടിനിർത്തൽ ഉറപ്പാക്കുന്ന കരാർ പ്രകാരം ഇസ്രായേൽ സൈന്യം പിന്മാറണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, അതിർത്തി നഗരങ്ങളെ ഹിസ്ബുല്ലയുടെ റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ ദക്ഷിണ ലബനാനിലെ ബഫർ സോണിൽ സൈന്യത്തെ നിലനിർത്തുമെന്ന് നെതന്യാഹു ആവർത്തിച്ചു. താൻ ഈ ധാരണാപത്രത്തിന് ബാധ്യസ്ഥനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയോടെ ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലിൽ എത്തിയെങ്കിലും സ്ഥിതി അതീവ ദുർബലമാണ്. കരാറിനെ ഇറാൻ എത്രത്തോളം അംഗീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ലബനാനിലെ ഇസ്രായേൽ സാന്നിധ്യം കരാറിന്റെ ലംഘനമാണെന്നാണ് തെഹ്‌റാന്റെ വാദം. ചർച്ചകൾ പുരോഗമിച്ചില്ലെങ്കിൽ ഇറാനെതിരെ വീണ്ടും ബോംബാക്രമണം നടത്താൻ തയ്യാറാണെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ, യുദ്ധം വീണ്ടും തുടങ്ങിയാൽ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുമെന്നും അത് എണ്ണ വിതരണത്തെ ബാധിക്കുമെന്നുമുള്ള തിരിച്ചറിവ് തനിക്കുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
അതേസമയം, ലബനാനിൽ നെതന്യാഹു സ്വീകരിക്കുന്ന നടപടികൾ ഇറാനുമായി സമാധാനം സ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അട്ടിമറിക്കുമെന്ന് യു.എസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതായി ‘വാഷിങ്‌ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന കെസെറ്റ് (പാർലമെന്റ്) തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്നതാണ് ലബനാനിലെ സൈനിക സാന്നിധ്യം. സൈനിക നടപടികൾ തുടരുന്നത് വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് ഒരു ഭരണകൂട ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
അതിനിടെ, ലബനാനിലെ തീവ്ര സൈനിക നടപടികൾക്ക് മുതിരുന്ന മന്ത്രിമാരെ ശാന്തരാക്കാൻ നെതന്യാഹു തന്റെ വിശ്വസ്തൻ റോൺ ഡെർമറിനെ ചർച്ചകൾക്കായി വിളിച്ചു വരുത്തി. ഇറാനുമായുള്ള കരാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ട്രംപ് കരുതാൻ ഇടയാക്കരുതെന്നും ഇത് അടിയന്തര സാഹചര്യമാണെന്നും ഡെർമർ മുന്നറിയിപ്പ് നൽകി.
ലബനാനിലെ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ, യു.എസ് പ്രസിഡന്റിനെതിരെ ഒരു മന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.
നെതന്യാഹുവിന്റെ സർക്കാറിലെ തീവ്രവലതുപക്ഷ അംഗങ്ങളെക്കുറിച്ചുള്ള ആശങ്കയും, ഗസ്സയിലെ യുദ്ധത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ നേരിടുന്ന നാണക്കേടും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹു പരാജയപ്പെട്ടേക്കാമെന്ന തിരിച്ചറിവും കാരണം പ്രതിപക്ഷ നേതാക്കളായ നഫ്താലി ബെന്നറ്റ്, ഗാഡി ഐസൻകോട്ട് എന്നിവരുമായി അനൗദ്യോഗിക ചാനലുകൾ തുറക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, വെള്ളിയാഴ്ച ദക്ഷിണ ലബനാനിലെ കഫാർ ടെബ്നിറ്റ് ഗ്രാമത്തിൽ ടാങ്കിനുനേരെയുണ്ടായ ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു.
ഇതിനു മറുപടിയായി ഇസ്രായേൽ ലബനാനിൽ 150 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിൽ ഏഴ് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കും ഉൾപ്പെടെ കുറഞ്ഞത് 47 പേർ കൊല്ലപ്പെടുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.