ഐക്യരാഷ്ട്രസഭയിൽ വാക്കേറ്റം: യു.എൻ പ്രതിനിധിക്ക് നേരെ ആക്രോശിച്ച് ഇസ്രായേൽ അംബാസഡർ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ നടന്ന പൊതുചർച്ചയിൽ ഡിപ്ലോമാറ്റിക് മര്യാദകൾ കാറ്റിൽപ്പറത്തി ഇസ്രായേൽ അംബാസഡറും യു.എൻ പ്രത്യേക പ്രതിനിധിയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും. കുട്ടികൾക്കും സായുധ പോരാട്ടങ്ങൾക്കുമുള്ള യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ വനേസ ഫ്രേസിയറും ഇസ്രായേൽ പ്രതിനിധി ഡാനി ഡാനോനും തമ്മിലാണ് കടുത്ത തർക്കമുണ്ടായത്. യുദ്ധകാലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ നടന്ന യോഗത്തിലാണ് ഇരുവരും തമ്മിലെ വാക്കേറ്റം അരങ്ങേറിയത്.

ചരിത്രത്തിലാദ്യമായി ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കിയ യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ ഉടനടി പദവി രാജിവെക്കണമെന്ന് ഡാനോൻ പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാക്കേറ്റം നടന്നത്. ‘ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ അമിതാവേശത്തിന് നിങ്ങളും കീഴടങ്ങി,’ എന്ന് ഡാനോൻ പ്രമീളക്ക് നേരെ വിരൽചൂണ്ടി ആരോപിച്ചു.

തുടർന്ന് ഡാനോന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ വനേസ ഫ്രേസിയർ ക്രമപ്രശ്നം ഉന്നയിച്ച് രംഗത്തെത്തി. തങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമായ സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയതെന്ന് അവർ ഉറക്കെ വിളിച്ച് പറഞ്ഞു. ഇതോടെ തർക്കം കടുത്ത ആക്രോശത്തിലേക്ക് നീങ്ങി. വനേസ ഫ്രേസിയറോട് വായടക്കാൻ ആവശ്യപ്പെട്ട ഡാനോൻ, ‘ഞങ്ങൾ ഒരു അംഗരാജ്യമാണ്, നിങ്ങൾ യു.എന്നിലെ ജീവനക്കാരി മാത്രമാണ്, അതുകൊണ്ട് നിങ്ങൾ ഇപ്പോൾ മിണ്ടാതിരിക്കണം. നിങ്ങളും നിങ്ങളുടെ നാണംകെട്ട റിപ്പോർട്ടും ഇനി മിണ്ടിപ്പോകരുത്,’ എന്ന് ആക്രോശിച്ചു.

മാൾട്ടയുടെ മുൻ യു.എൻ അംബാസഡർ കൂടിയായ ഫ്രേസിയർ, യു.എൻ മേധാവി ഗുട്ടെറസിന് വേണ്ടി ഈ ആഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് ഇസ്രായേലി തീവ്രവാദ കുടിയേറ്റ ഗ്രൂപ്പുകളെക്കൂടി കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ആഗോള കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഫലസ്തീൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഞെട്ടിക്കുന്ന വർധനവാണ് ഉണ്ടാകുന്നതെന്ന് യു.എൻ മേധാവി ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം പ്രമീള പാറ്റന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ, ഇത് യു.എന്നിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ തരംതാഴ്ന്ന നടപടി’ ആണെന്നാണ് ഡാനോൻ വിശേഷിപ്പിച്ചത്. ഇതോടൊപ്പം ഈ വർഷാവസാനത്തോടെ 10 വർഷത്തെ സേവനം പൂർത്തിയാക്കി പദവി ഒഴിഞ്ഞുപോകുന്ന യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ഈ രണ്ട് യു.എൻ റിപ്പോർട്ടുകളിലും ഇസ്രായേലിന്റെ മുഖ്യ ശത്രുക്കളായ ഹമാസിനെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Israeli envoy and UN official clash at hearing on children in conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.