മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയാകും, ലിബറൽ പാർട്ടിയെയും നയിക്കും; വിജയം 85 ശതമാനം വോട്ട് നേടി

ഒട്ടാവ: കനേഡിയൻ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ പുതിയ നേതാവും പ്രധാനമന്ത്രിയുമായി മാർക്ക് കാർണിയെ തെരഞ്ഞെടുത്തു. ജസ്റ്റിൻ ട്രൂഡോ രാജിവെച്ച ഒഴിവിലാണ് മാർക്ക് കാർണിയെ ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി തെരഞ്ഞെടുത്തത്. പാർട്ടിക്കുള്ളിലെ എതിർപ്പ് ശക്തമാവുകയും പ്രതിച്ഛായ മോശമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനവും പാർട്ടി നേതൃസ്ഥാനവും ജനുവരി ആറിന് രാജിവെച്ചത്.

മുൻ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിനെയും ബിസിനസുകാരനും മുൻ ലിബറൽ എം.പിയുമായ ഫ്രാങ്ക് ബെയ്ലിസിനെയുമാണ് തെരഞ്ഞെടുപ്പിൽ മാർക്ക് കാർണി പരാജയപ്പെടുത്തിയത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ 1,51,899 പേർ വോട്ട് ചെയ്തു. ആകെ പോൾ ചെയ്തതിൽ 85 ശതമാനം വോട്ടുകൾ കാർണി നേടി.

തെരഞ്ഞെടുക്കപ്പെട്ട ഒരു പദവിയും ഇതുവരെ കാർണി വഹിച്ചിട്ടില്ല. പാർലമെന്‍റ് അംഗമല്ലാത്ത കാർണി ഏത് മണ്ഡലത്തിൽ നിന്നാണ് ഹൗസ് ഓഫ് കോമൺസിലേക്ക് മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി പദവി രാജിവെച്ചതോടെ ഒമ്പത് വർഷം നീണ്ട ട്രൂഡോ ഭരണത്തിനാണ് അവസാനമാകുന്നത്. ഈ വർഷം ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിൽ ലിബറലുകൾ പ്രതിപക്ഷമായ കൺസർവേറ്റിവുകളോട് തോൽക്കുമെന്നായിരുന്നു സർവേ റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ ട്രൂഡോ നേതൃസ്ഥാന മൊഴിഞ്ഞത് പാർട്ടിയെ സ്ഥിരം നേതാവില്ലാത്ത അവസ്ഥയിലേക്കു തള്ളിവിടുമെന്ന് ആശങ്ക മാർക് കാർണിയുടെ വരവോടെ ഇല്ലാതായി.

യു.എസ് പ്രസിഡന്‍റായതിന് പിന്നാലെ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് ഭീഷണികളോടുള്ള കാനഡയുടെ പ്രതികരണത്തിൽ ജസ്റ്റിൻ ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് ജനുവരിയിൽ അപ്രതീക്ഷിത രാജിവെച്ചിരുന്നു. കനേഡിയൻ ഇറക്കുമതിക്ക് മേൽ ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം താരിഫ് ചൂണ്ടിക്കാട്ടിയായിരുന്നു രാജിവെക്കാനുള്ള തീരുമാനം. 

Tags:    
News Summary - Canada's Liberal Party elects Mark Carney as its leader, to replace Trudeau as PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.