ഒട്ടാവ: വിസ നിയമങ്ങളിൽ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യൻ പൗരന്മാർ. വലിയ രീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകൾ നടപ്പിൽ വരുത്തിയത്. ഇത് ജോലിക്കും റസിഡന്റ് പെർമിറ്റിനും അപേക്ഷിക്കുന്നവരെയടക്കം പ്രതികൂലമായി ബാധിക്കും. വിദ്യാർത്ഥികൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ വിസ സ്റ്റാറ്റസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഫെബ്രുവരി ആദ്യ വാരം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
പുതിയ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം ഇലക്ട്രോണിക് യാത്ര അനുമതികൾ, ഇ.ടി.എകൾ, താൽക്കാലിക റസിഡന്റ്‌സ് വിസകൾ അല്ലെങ്കിൽ ടി.ആർ.വികൾ പോലുള്ള താൽക്കാലിക റസിഡന്റ് രേഖകൾ നിരസിക്കാൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതേസമയം പെർമിറ്റുകളും വിസകളും നിരസിക്കുന്നതിന് ഉദ്യോഗസ്ഥർ ചില മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. അംഗീകൃത താമസ കാലാവധി കഴിഞ്ഞ വ്യക്തി കാനഡ വിടുമെന്ന് ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടില്ലെങ്കിൽ കാനഡയിൽ താമസിക്കുന്ന സമയത്ത് പോലും പ്രവേശനം നിരസിക്കാനോ പെർമിറ്റ് റദ്ദാക്കാനോ കഴിയും. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം പൂർണമായും ഉദോഗസ്ഥന് നൽകുന്നതാണ് കാനേഡിയൻ ഗവൺമെന്റിന്റെ ഉത്തരവ്.
പെർമിറ്റ് റദ്ദാക്കപ്പെട്ടാൽ ഒരു നിശ്ചിത തിയതിക്കകം രാജ്യം വിട്ട് പോകാൻ അവർക്ക് നോട്ടീസ് നൽകും. പുതിയ നിബന്ധനകൾ അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് പൗരന്മാരെയാണ് ഇത് ബാധിക്കുക. ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടും. സർക്കാർ കണക്കനുസരിച്ച് കാനഡയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളിൽ 4 .2 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്. കൂടാതെ ഇന്ത്യയിൽ നിന്നും വലിയ തോതിൽ സഞ്ചാരികളും കാനഡയിലേക്ക് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.