തെഹ്‌റാൻ: ആഗോള ഊർജ്ജ വിതരണ പാതകളെ ലക്ഷ്യമിട്ട് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ മുതിർന്ന നയതന്ത്രജ്ഞനും പരമോന്നത നേതാവിന്റെ ഉപദേശകനുമായ അലി അക്ബർ വിലായതി. ഹുർമുസ് കടലിടുക്കിന് പുറമെ മറ്റ് തന്ത്രപ്രധാനമായ ജലപാതകളും തങ്ങളുടെ ലക്ഷ്യപരിധിയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികണം.
ഇതോടെ യമനിന്റെ നിയന്ത്രണത്തിലുള്ള ബാബുൽ മന്ദബ് കൂടി അടച്ചിടുമോ എന്ന ആശങ്കയിലാണ് ലോകം. യെമൻ തീരത്തോട് ചേർന്നുള്ള ഈ പ്രദേശം ആഗോള വ്യാപാരത്തിന്റെ നിർണ്ണായക പാതയാണ്. ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതർ ഈ മേഖലയിൽ ആക്രമണം നടത്താൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതിരോധ നിര ഹുർമുസിനെ കാണുന്ന അതേ പ്രാധാന്യത്തോടെയാണ് ബാബുൽ മന്ദബ് കടലിടുക്കിനെയും കാണുന്നതെന്ന് വിലായതി വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു പ്രകോപനവും ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും തകിടം മറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാഷിങ്ടൺ ഇപ്പോഴും അധികാരത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ എക്സ്പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഇന്ന് പ്രതിരോധ നിരയുടെ സംയുക്ത കമാൻഡ് ബാബുൽ മന്ദബിനെ ഹുർമുസിനെപ്പോലെയാണ് കണക്കാക്കുന്നത്. വൈറ്റ് ഹൗസ് തങ്ങളുടെ വിഡ്ഢിത്തങ്ങൾ ആവർത്തിക്കാൻ തുനിഞ്ഞാൽ ആഗോള ഊർജ്ജ-വ്യാപാര മേഖലയെ ഒരൊറ്റ നീക്കത്തിലൂടെ തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് അവർക്ക് ഉടൻ ബോധ്യപ്പെടും. ഇറാൻ്റെ ചരിത്രത്തിൽ നിന്ന് അമേരിക്ക ചില പാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും അധികാരത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ലെന്നും" വിലായതി കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങൾക്കിടയിൽ ബാബുൽ മന്ദബിന്റെ തന്ത്രപ്രധാനമായ സ്ഥാനം ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് നേരത്തെ ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ ആഗോള കപ്പൽ ഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ബാബുൽ മന്ദബ് കൂടി തടസ്സപ്പെട്ടാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥക്ക് വൻ തിരിച്ചടിയാകും.
ആഗോളതലത്തിൽ കടൽമാർഗ്ഗം കടന്നുപോകുന്ന എണ്ണയുടെ 10 മുതൽ 12 ശതമാനം വരെ ഈ പാതയിലൂടെയാണ് നീങ്ങുന്നത്. പ്രതിദിനം 40 മുതൽ 60 ലക്ഷം വരെ ബാരൽ എണ്ണയാണ് ഇതുവഴി വിതരണം ചെയ്യപ്പെടുന്നത്. എന്നാൽ, മേഖലയിലെ സുരക്ഷാ ഭീഷണികളെത്തുടർന്ന് 2024-ൽ ഈ പാതയിലൂടെയുള്ള എണ്ണക്കടത്തിൽ ഗണ്യമായ കുറവുണ്ടായതായി യു.എസ് എനർജി ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.