വാഷിങ്ടൺ: കാലിഫോർണിയയിലുണ്ടായ കൂട്ട വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റോക്ടണിലെ ബാങ്ക്വറ്റ് ഹാളിൽ നടന്ന കുടുംബ സംഗമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ഒരു കുഞ്ഞിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങൾ ഒത്തുകൂടിയത്. ആക്രമിയെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമി ഹാളിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. മറ്റ് കച്ചവട സ്ഥാപനങ്ങളുമായി പാർക്കിങ് സ്ഥലം പങ്കിടുന്ന ബാങ്ക്വറ്റ് ഹാളിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവെപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഡെയ്റി ക്വീൻ റസ്റ്റാറന്റിന്റെ സമീപത്താണ് വെടിവെപ്പ് നടന്നത് എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
വെടിവെപ്പിൽ സ്റ്റോക്ക്ടൺ വൈസ് മേയർ ജേസൺ ലീ അപലപിച്ചു. ''എന്റെ ഹൃദയവേദന വിവരിക്കാൻ പോലുമാകില്ല. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ കൂട്ട വെടിവെപ്പിനെ കുറിച്ച് കേട്ടപ്പോൾ തകർന്നുപോയി. ഇത്തരം സ്ഥലങ്ങൾ ജനങ്ങളുടെ ജീവനെടുക്കുന്ന ഇടങ്ങളായി ഒരിക്കലും മാറരുത്.
അക്രമം കുട്ടിക്കാലത്ത് എന്റെ ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്വന്തം കുട്ടികളും മാതാപിതാക്കളും അയൽക്കാരും ഇതിലൂടെ കടന്നുപോകുന്നത് കാണുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സ്റ്റോക്ക്ടൺ എന്റെ വീടാണ്. ഇവരാണ് ഞങ്ങളുടെ കുടുംബങ്ങൾ. ഇതാണ് ഞങ്ങളുടെ സമൂഹം. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ പൊതു സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ഒപ്പം നിൽക്കുകയാണ്''-എന്നായിരുന്നു വൈസ് മേയറുടെ ഫേസ്ബുക്ക് കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.