ലണ്ടൻ: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നായ ട്രിസ്റ്റൻ ഡാ കുൻഹ ദ്വീപിൽ ഹന്താവൈറസ് ബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ സാഹസിക രക്ഷാദൗത്യവുമായി ബ്രിട്ടീഷ് സൈന്യം. അത്യാധുനിക മെഡിക്കൽ സംവിധാനങ്ങളുമായി പാരാട്രൂപ്പർമാർ വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ദ്വീപിലേക്ക് ചാടിയിറങ്ങി. ബ്രിട്ടീഷ് സൈന്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് മാനുഷിക പരിഗണന മുൻനിർത്തി ഇത്തരമൊരു ദൗത്യം സംഘടിപ്പിക്കുന്നത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഈ വിദൂര ദ്വീപിൽ വെറും 200 പേർ മാത്രമാണ് താമസിക്കുന്നത്. ഒരു ബ്രിട്ടീഷ് പൗരന് ഹന്താവൈറസ് ബാധിച്ചതായി സംശയം ഉയർന്നതോടെയാണ് അടിയന്തര ഇടപെടലിന് ലണ്ടൻ ഉത്തരവിട്ടത്.
ദ്വീപിലെ ജനങ്ങളിൽ അസാധാരണമായ ശ്വാസകോശ സംബന്ധ അസുഖങ്ങളും പനിയും പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ സംഘം ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇതിന് കാരണം എലികളിലൂടെ പകരുന്ന ഹന്താവൈറസാണെന്ന് ആരോഗ്യവിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ, ദ്വീപിലെ പരിമിതമായ മെഡിക്കൽ സൗകര്യങ്ങൾ മുഖവിലക്കെടുത്തുകൊണ്ടാണ് സൈനിക മെഡിക്കൽ സംഘം അവിടേക്കെത്തിയത്.
ബ്രിട്ടനിലെ ഓക്സ്ഫോർഡ്ഷെയറിലുള്ള ബ്രൈസ് നോർട്ടൺ എയർബേസിൽ നിന്ന് പറന്നുയർന്ന ആർ.എ.എഫ് എ400എം ട്രാൻസ്പോർട്ട് വിമാനം ഏകദേശം 10,000 കിലോമീറ്ററോളം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വഴിമധ്യേ വോയേജർ വിമാനം ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ ഇന്ധനം നിറച്ചായിരുന്നു ഈ ദീർഘദൂര യാത്ര. ദ്വീപിൽ വിമാനമിറങ്ങാൻ റൺവേ ഇല്ലാത്തതിനാൽ ആറ് പാരാട്രൂപ്പർമാരും രണ്ട് സൈനിക ഡോക്ടർമാരും പാരച്യൂട്ട് വഴി താഴേക്ക് ചാടുകയായിരുന്നു. ഇവർക്കൊപ്പം ഓക്സിജൻ സിലിണ്ടറുകളും അടിയന്തര മരുന്നുകളും വിമാനത്തിൽ നിന്ന് താഴേക്ക് എത്തിച്ചു.
ഏപ്രിൽ പകുതിയോടെ ദ്വീപിലെത്തിയ ക്രൂയിസ് കപ്പലിലെ യാത്രക്കാരനായ ബ്രിട്ടീഷ് പൗരനാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. നിലവിൽ ഇദ്ദേഹം നിരീക്ഷണത്തിലാണ്. ദക്ഷിണാഫ്രിക്കക്കും തെക്കേ അമേരിക്കക്കും മധ്യേ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് കപ്പൽ മാർഗ്ഗം എത്തണമെങ്കിൽ ദിവസങ്ങൾ എടുക്കും. അടുത്തുള്ള ജനവാസ കേന്ദ്രമായ സെന്റ് ഹെലീനയിൽ നിന്ന് ആറ് ദിവസത്തെ ബോട്ട് യാത്ര വേണം ഇവിടെയെത്താൻ. സാധാരണഗതിയിൽ രണ്ട് ഡോക്ടർമാർ മാത്രമുള്ള ഈ ദ്വീപിലെ ഓക്സിജൻ സ്റ്റോക്ക് തീരാറായതാണ് അടിയന്തരമായി സൈന്യത്തെ അയക്കാൻ കാരണമായത്.
"ഓക്സിജൻ സിലിണ്ടറുകൾ തീരാറായ സാഹചര്യത്തിൽ രോഗിക്ക് എത്രയും വേഗം ചികിത്സ എത്തിക്കാനുള്ള ഒരേയൊരു വഴി ഇതായിരുന്നു," എന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വായുവിലൂടെ പറന്നിറങ്ങിയ സൈനികർ ദ്വീപ് നിവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബ്രിഗേഡിയർ എഡ് കാർട്ട്റൈറ്റ് പറഞ്ഞു. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയുക, രോഗികൾക്ക് അടിയന്തരമായ ചികിത്സ ഉറപ്പുവരുത്തുക, വൈറസ് സ്ഥിരീകരിക്കാൻ ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുകയെന്നതാണ് സംഘത്തിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.