ലണ്ടൻ: ഇറാനെതിരായ ആക്രമണത്തിൽ യു.എസിന് സൈനിക നിലയങ്ങൾ വിട്ടുനൽകുന്നതിൽ ബ്രിട്ടൻ നിലപാട് മാറ്റി. ഹുർമുസ് ഇടനാഴി ലക്ഷ്യമിട്ടുള്ള ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ യു.എസിന് അനുമതി നൽകി. നേരത്തേ, യു.എസിന് സൈനിക നിലയം വിട്ടുനൽകില്ലെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞിരുന്നത്.
ഇതിന്റെ പേരിൽ, ട്രംപിന്റെ രൂക്ഷവിമർശനവും സ്റ്റാർമർ കേൾക്കേണ്ടിവന്നിരുന്നു. അതേസമയം, ബ്രിട്ടന്റെ നിലപാടുമാറ്റത്തെ ഇറാൻ വിമർശിച്ചു. ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരാൻ താൽപര്യമില്ലാത്തവരാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരെന്നും സ്വന്തം ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
എന്നാൽ, ബ്രിട്ടീഷ് സൈനിക താവളങ്ങൾ കുറച്ചുകൂടി നേരത്തേതന്നെ ഉപയോഗിക്കാൻ അനുമതി നൽകേണ്ടതായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
കൊളംബോ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യു.എസ് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജിബൂതിയിലെ സൈനിക താവളത്തിൽനിന്നുള്ള രണ്ട് യു.എസ് യുദ്ധവിമാനങ്ങൾ മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയിരുന്നെങ്കിലും നിരസിച്ചുവെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. കഴിഞ്ഞ ദിവസം യു.എസിന്റെ പ്രതിനിധിയുമായി ദിസനായകെ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ തങ്ങളുടെ മണ്ണ് സൈനിക നീക്കങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയതായി ശ്രീലങ്കൻ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.