നാലുമാസം മുമ്പ് കാണാതായ ബ്രസീലിയൻ നടനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ചങ്ങലകൊണ്ട് കെട്ടി മരപ്പെട്ടിയിൽ അടച്ച് കുഴിച്ചിട്ട നിലയിൽ

ബ്രസീലിയ: നാലുമാസങ്ങളായി കാണാതായ ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയെ മരിച്ച നിലയിൽ കണ്ടെത്തി. റിയോ ഡി ജനീറോയിലെ ഒരു വീടിന് പുറത്ത് ഒരു മരപ്പെട്ടിക്കുള്ളിലാണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. നടന്റെ കുടുംബ സുഹൃത്ത് സിന്റിയ ഹിൽസെൻഡെഗറാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ മരണം സ്ഥിരീകരിച്ച് സന്ദേശം പോസ്റ്റ് ചെയ്തത്. മെയ് 22നാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു 44 കാരനായ നടന്റെ മൃതദേഹം. വീടിന്റെ മുറ്റത്ത് ആറടി താഴ്ചയിൽ മരപ്പെട്ടിയിൽ അടച്ചശേഷം കോൺക്രീറ്റ് കൊണ്ട് മൂടിയിട്ട നിലയിലാണ് നടനെ കണ്ടെത്തിയത്.

കൈകൾ തലക്ക് പിന്നിൽ കെട്ടിയിട്ട നിലയിലായിരുന്നു. നടന്റെ വീട്ടിലുള്ളതുപോലെ തന്നെയുള്ള പെട്ടിയിലാണ് അടക്കം ചെയ്തിട്ടുള്ളതെന്ന് കുടുംബ അഭിഭാഷകൻ ജെയ്‌റോ മഗൽഹേസ് പറഞ്ഞു. വിരലടയാളം വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ കഴുത്തിൽ അടയാളമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ജെഫേഴ്സന്റെ മൃതദേഹം കണ്ടെത്തിയ വീട് വാടകക്കെടുത്തയാളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ഒരു മാസം മുമ്പാണ് ഇയാളെ അവസാനമായി കണ്ടത്. പ്രതിയെന്ന് കരുതുന്ന ഇയാൾക്ക് ജെഫേഴ്സനെ പരിചയമുണ്ടായിരുന്നു.

ജെഫേഴ്സന്റെ എട്ട് നായ്ക്കൾ വീട്ടിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയാണെന്ന് ഒരു സർക്കാരിതര സംഘടന കുടുംബത്തെ അറിയിച്ചപ്പോഴാണ് താരത്തെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. എന്നാൽ മാസങ്ങളോളം കുടുംബത്തിന് ജെ​ഫേഴ്സന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നു. പ്രതിയെന്ന് കരുതുന്നയാൾ അയച്ചതാകാം ഇതെന്നാണ് ഇപ്പോൾ കുടുംബം സംശയിക്കുന്നത്. മകന്റെ ഇമെയിൽ സന്ദേശം ലഭിച്ചപ്പോൾ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും മുഴുവൻ അക്ഷരത്തെറ്റും മകന്റെ എഴുത്തുശൈലി അല്ലാതെയിരിക്കുകയും ചെയ്തിരുന്നുവെന്നും മാതാവ് മരിയ ഡാസ് ഡോർസ് പറഞ്ഞു.

Tags:    
News Summary - Brazilian Actor, Missing For 4 Months, Found Dead Inside Buried Wooden Box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.