വിടവാങ്ങൽ പ്രസംഗത്തിൽ ആഞ്ഞടിച്ച് ബൈഡൻ; ‘അതിസമ്പന്ന പ്രഭുവർഗം അമേരിക്കക്ക് ഭീഷണി’

വാഷിങ്ടൺ: രാജ്യത്തിന്റെ ജനാധിപത്യത്തിനുതന്നെ ഭീഷണിയാകുന്ന അതിസമ്പന്ന പ്രഭുവർഗം അമേരിക്കയിൽ ശക്തിപ്രാപിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തോടുള്ള വിടവാങ്ങൽ പ്രസംഗത്തിലാണ് ബൈഡൻ ആശങ്ക പങ്കുവെച്ചത്.

ക്രിമിനൽ കുറ്റങ്ങളിൽനിന്ന് പ്രസിഡന്റിന് സംരക്ഷണം നൽകുന്ന വ്യവസ്ഥ എടുത്തുകളയണമെന്നും ട്രംപിനെ സൂചിപ്പിച്ച് ബൈഡൻ ആവശ്യപ്പെട്ടു. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ തുടർന്നുള്ള കേസിലെ യു.എസ് സുപ്രീംകോടതി വിധിയിൽ, അധികാരത്തിലുള്ള സമയത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക നടപടികളിൽ അവരെ വിചാരണ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കൻ കക്ഷിയിലെ നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അധികാരത്തിലേക്ക് വീണ്ടും വരുന്നത്. ജനുവരി 20നാണ് ബൈഡൻ ട്രംപിന് അധികാരം കൈമാറുക.

ചില അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ബൈഡൻ പുതിയ കാലത്തെ പ്രഭുവാഴ്ചയിലേക്കുള്ള രാജ്യത്തിന്റെ പോക്കിനെ ഓർമിപ്പിച്ചത്. ചില അതിസമ്പന്നരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കും. ഇത് അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബാധിക്കും. ഇലോൺ മസ്കിനെപ്പോലുള്ള ശതകോടീശ്വരൻമാർ നേരിട്ട് യു.എസ് രാഷ്ട്രീയത്തിൽ ഇടപെടുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രസംഗം. ട്രംപിന്റെ രണ്ടാം വരവിൽ മസ്കിന് കാര്യമായ സ്വാധീനമുണ്ടാകും എന്നാണ് പൊതു വിലയിരുത്തൽ. 1961ലെ വിടവാങ്ങൽ പ്രസംഗത്തിൽ അന്നത്തെ പ്രസിഡന്റ് ഐസനോവർ സൈനിക വ്യവസായ സംഘങ്ങളുടെ വളർച്ചയിൽ ആശങ്കയറിയിച്ചതിനു സമാനമായി ബൈഡൻ തന്റെ പ്രസംഗത്തിൽ സാങ്കേതിക വ്യവസായ ഗ്രൂപ്പുകളുടെ അനിയന്ത്രിത കുതിച്ചുകയറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി.

അമേരിക്കക്കാർ തെറ്റായ വിവരങ്ങളുടെ ഹിമപാതത്തിൽ പെട്ടുപോവുകയാണ്. ഇത് അധികാര ദുർവിനിയോഗത്തിന്റെ ഭാഗമാണ്. ഫേസ്ബുക്കിലുൾപ്പെടെ ‘മെറ്റ’ വസ്തുത പരിശോധന നിർത്തുമെന്ന കമ്പനി ഉടമ മാർക്ക് സക്കർബർഗിന്റെ പ്രസ്താവന അദ്ദേഹം ഓർമിപ്പിച്ചു.

സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാകുന്നു. എഡിറ്റർമാർതന്നെ നാമാവശേഷമാകുന്നു. വസ്തുതാന്വേഷണം സമൂഹ മാധ്യമങ്ങൾ നിർത്തുന്നു. അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള കള്ളത്തരങ്ങൾ സത്യത്തെ ശ്വാസംമുട്ടിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും അധികാര ദുർവിനിയോഗം തടയാനും സമൂഹ മാധ്യമങ്ങളിൽ ഒരു പിടിവേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ, സ്വാതന്ത്ര്യത്തിന്റെ ദേശമെന്ന നിലയിൽ അമേരിക്കയാണ് നയിക്കേണ്ടതെന്നും ചൈനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Biden warns of dangerous 'oligarchy' in dark farewell speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.