ആർ.എസ്​.എസ്​ ബന്ധമുള്ള ​ഡെമോക്രാറ്റുകളെ സുപ്രധാന പദവികളിൽനിന്ന്​ ഒഴിവാക്കി ബൈഡൻ

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡൻ 20ഓളം ഇന്ത്യൻ വംശജർക്ക്​ സുപ്രധാന പദവികൾ നൽകിയ നടപടി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ ​പ്രാധാന്യത്തോടെ മറ്റൊരു വാർത്തയും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്​. ആർ.എസ്​.എസ്​/ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡൻ ഉന്നത പദവികൾ നൽകുന്നതിൽ നിന്ന്​ ഒഴിവാക്കിയെന്നാണ്​ വൈറ്റ്​ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്​.

ഒബാമ അധികാരത്തിലിരുന്നപ്പോൾ വൈറ്റ്​ ഹൗസിൽ സുപ്രധാന പദവി നിർവഹിച്ചിരുന്ന സൊനാൽ ഷാ, ബൈഡന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ നിർണായക പങ്ക്​ വഹിച്ചിരുന്ന അമിത്​ ജാനി എന്നിവരാണ്​ ആർ.എസ്​.എസ്​ ബന്ധത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ടത്​. ഇവരുടെ ആർ.എസ്​.എസ്​/ബി.ജെ.പി ബന്ധത്തെ കുറിച്ച്​ 12ഓളം ഇന്തോ-അമേരിക്കൻ സംഘടനകൾ ബൈഡൻ ഭരണകൂടത്തിന്​ സൂചന നൽകിയതിന്‍റെ പശ്​ചാത്തലത്തിലാണ്​ ഈ ഒഴിവാക്കലെന്ന്​ 'ദി ട്രിബ്യൂൺ' റിപ്പോർട്ട്​ ചെയ്യുന്നു.

അതേസമയം, ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസിൽ സജീവമായി ഇടപെട്ടിരുന്ന ഉസ്ര സേയയെയും സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ അമേരിക്കയിൽ നടന്ന ​പ്രക്ഷോഭങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന സമീറ ഫാസിലിയെയും പോലുള്ളവർ ബൈഡന്‍റെ സംഘത്തിൽ ഉൾപ്പെട്ടിട്ടുമുണ്ട്​.

സൊനാൽ ഷാ ബൈഡന്‍റെ യൂനിറ്റി ടാസ്​ക്​ ഫോഴ്​സിൽ സജീവമായി പ്രവർത്തിച്ചിരുന്നു​. അവരുടെ പിതാവ്​ യു.എസ്​.എയിലെ ഓവർസീസ്​ ഫ്രണ്ട്​സ്​ ഓഫ്​ ബി.ജെ.പിയുടെ പ്രസിഡന്‍റാണ്​. ആർ.എസ്​.എസ്​ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയയുടെ സ്​ഥാപകനും സൊനാലിന്‍റെ പിതാവാണ്​. ഈ സ്​ഥാപനത്തിനുവേണ്ടി ഫണ്ട്​ ശേഖരിക്കാൻ സൊനാൽ സജീവമായി രംഗത്തുണ്ടായിരുന്നു. അമിത്​ ജാനിയുടെ കുടുംബത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ്​ പ്രമുഖ ആർ.എസ്​.എസ്​/ബി.ജെ.പി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്​. ശ്രീ പ്രെസ്റ്റൺ കുൽക്കർണി, തുൾസി ഗബ്ബാർഡ്​ എന്നിവരും ആർ.എസ്​.എസ്​ ബന്ധത്തിന്‍റെ ​പേരിൽ നിർണായക സ്​ഥാനത്ത്​ നിന്ന്​ ഒഴിവാക്കപ്പെട്ടന്ന്​ 'ദി ട്രിബ്യൂൺ' റിപ്പോർട്ട്​ ചെയ്യുന്നു.

ഡെമോക്രാറ്റുകളായ പല നേതാക്കൾക്കും ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമു​ണ്ടെന്നും അവർ സുപ്രധാന പദവികളിൽ വരുന്നത്​ തടയണമെന്നും ആവശ്യപ്പെട്ട്​ 19ഓളം സംഘടനകൾ സംയുക്​തമായി ബൈഡന്​ കത്ത്​ നൽകിയിരുന്നു. 

Tags:    
News Summary - Biden keeps out Democrats with RSS links

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.