ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ പ്രസിഡന്‍റുമായിരുന്ന ബേനസീർ ഭൂട്ടോയുടെ പ്രതിമ ലിയാഖത്ത് ബാഗിൽ നിർമിക്കുന്നു. ഭൂട്ടോയുടെ ചരമവാർഷികമായ ഡിസംബർ 27ന് മുമ്പായി നിർമാണം പൂർത്തീകരിക്കുമെന്ന് പാർട്ടി അധികൃതർ അറിയിച്ചു. 2007 ഡിസംബർ 27-ന് ലിയാഖത്ത് ബാഗിലെ പൊതുയോഗത്തിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ ബോംബാക്രമണത്തിലാണ് ബേനസീർ കൊല്ലപ്പെട്ടത്.
റാവൽപിണ്ടി മുനിസിപ്പൽ കമ്മീഷണർ നൂറുൽ അമീൻ മെംഗലും റാവൽപിണ്ടി മുനിസിപ്പൽ കോർപ്പറേഷനുമാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രതിമക്കായുള്ള സ്ഥലം വാട്ടർ ആൻഡ് സാനിറ്റേഷൻ അതോറിറ്റിയിൽ(വാസ) നിന്നും പാർക്ക്സ് ആൻഡ് ഹോർട്ടിക്കൾച്ചർ അതോറിറ്റിയിൽ നിന്നും ഏറ്റെടുക്കും.
നാഷണൽ കോളജ് ഓഫ് ആർട്സ് വിദ്യാർത്ഥികളിൽ നിന്നും പ്രതിമക്കായുള്ള ഡിസൈനുകൾ ക്ഷണിച്ചിട്ടുണ്ട്. ഭൂട്ടോയുടെ പ്രതിമ നിർമിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ 15 വർഷമായി നടക്കുന്ന ചർച്ചകളാണ് ഒടുവിൽ നടപ്പാകുന്നത്. ലിയാഖത്ത് ബാഗിൽ ബേനസീർ ഭൂട്ടോയുടെ ഓർമക്കായി പുസ്തകശാലയും സ്മാരകവും നിർമ്മിക്കുമെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാക്കൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
പ്രതിമയുടെ നിർമാണ ചിലവ് ഈ വർഷത്തെ ബജറ്റിൽ അനുവദിക്കുമെന്നും റാവൽപിണ്ടി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. രാജ്യം സമത്വ ഭാവനയോടെ എല്ലാ നേതാക്കളെയും അംഗീകരിക്കുന്നു എന്ന സന്ദേശമാണ് പ്രതിമയിലൂടെ വിഭാവനം ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.